റിയാദ്: സൗദി അറേബ്യയുടെ സേവന കയറ്റുമതിയിൽ 2025-ൽ 6.9 ശതമാനം വർധന രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സേവന ഇറക്കുമതി 4.2 ശതമാനം വർധിച്ച് 488.6 ബില്യൺ റിയാലിലെത്തി. 2025-ലെ രാജ്യാന്തര സേവന വ്യാപാര റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. വിവിധ സാമ്പത്തിക മേഖലകളിലെ സേവന കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന സൂചകങ്ങളാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
2025ൽ സൗദിയുടെ ആകെ സേവന കയറ്റുമതി 251.7 ബില്യൺ റിയാലിലെത്തി. 2024ൽ ഇത് 235.5 ബില്യൺ റിയാലായിരുന്നു. യാത്രാ സേവനങ്ങളുടെ കയറ്റുമതിയിലുണ്ടായ 4.1 ശതമാനം വളർച്ചയാണ് മൊത്തം കയറ്റുമതിയിലെ വർധനയ്ക്ക് പ്രധാനമായും കാരണമായത്.
അതേസമയം, സേവന ഇറക്കുമതി 2024ലെ 469 ബില്യൺ റിയാലിൽനിന്ന് 2025ൽ 488.6 ബില്യൺ റിയാലായി ഉയർന്നു. 4.2 ശതമാനമാണ് വർധന. 133.7 ബില്യൺ റിയാലിന്റെ ഇറക്കുമതിയുമായി ഗതാഗത സേവനങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഈ മേഖലയിലെ ഇറക്കുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയുണ്ടായി.
സേവന കയറ്റുമതി വിഭാഗങ്ങളിൽ 159.9 ബില്യൺ റിയാലുമായി യാത്രാ സേവനങ്ങളാണ് ഒന്നാം സ്ഥാനത്ത്. ഇതിൽ വ്യക്തിഗത യാത്രകൾക്ക് 91 ശതമാനം പങ്കുണ്ട്. 35.4 ബില്യൺ റിയാലിന്റെ ഗതാഗത സേവനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇതിൽ വ്യോമഗതാഗതത്തിന്റെ വിഹിതം 43.3 ശതമാനമാണ്.
സർക്കാർ സേവനങ്ങളുടെ കയറ്റുമതിയും ആശയവിനിമയം, കമ്പ്യൂട്ടർ, വിവരസാങ്കേതിക സേവനങ്ങളുടെ കയറ്റുമതിയും 9.3 ബില്യൺ റിയാൽ വീതമാണ്. ആശയവിനിമയ സേവനങ്ങൾക്ക് ഈ വിഭാഗത്തിലെ കയറ്റുമതിയുടെ 54.4 ശതമാനം പങ്കുണ്ട്.
നിർമാണ സേവനങ്ങളുടെ കയറ്റുമതി 7.7 ബില്യൺ റിയാലും മറ്റ് ബിസിനസ് സേവനങ്ങളുടെ കയറ്റുമതി 7.4 ബില്യൺ റിയാലുമാണ്. മറ്റ് ബിസിനസ് സേവനങ്ങളിൽ പ്രൊഫഷണൽ, മാനേജ്‌മെന്റ് കൺസൾട്ടിങ് സേവനങ്ങൾക്ക് 55.1 ശതമാനം പങ്കുണ്ട്.
ധനകാര്യ സേവനങ്ങളുടെ കയറ്റുമതി 6.2 ബില്യൺ റിയാലിലെത്തി. ഉൽപ്പാദന സേവനങ്ങൾ 4.4 ബില്യൺ റിയാൽ, ഇൻഷുറൻസ്, പെൻഷൻ സേവനങ്ങൾ 4.2 ബില്യൺ റിയാൽ, വ്യക്തിഗത, സാംസ്‌കാരിക, വിനോദ സേവനങ്ങൾ 3.7 ബില്യൺ റിയാൽ, അറ്റകുറ്റപ്പണി സേവനങ്ങൾ 3.6 ബില്യൺ റിയാൽ എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ കണക്കുകൾ. ബൗദ്ധിക സ്വത്തവകാശ ഉപയോഗത്തിനുള്ള വരുമാനം 0.7 ബില്യൺ റിയാലായിരുന്നു.

To advertise here,

ഇറക്കുമതി വിഭാഗങ്ങളിൽ 110.4 ബില്യൺ റിയാലുമായി യാത്രാ സേവനങ്ങൾ രണ്ടാംസ്ഥാനത്തെത്തി. ഇതിൽ വ്യക്തിഗത യാത്രകൾക്ക് 89.4 ശതമാനം പങ്കുണ്ട്. 69.1 ബില്യൺ റിയാലിന്റെ ഇറക്കുമതിയുമായി മറ്റ് ബിസിനസ് സേവനങ്ങളാണ് തൊട്ടുപിന്നിൽ. ഈ വിഭാഗത്തിൽ കൺസൾട്ടിങ് സേവനങ്ങളുടെ വിഹിതം 53.2 ശതമാനമാണ്.
നിർമാണ സേവനങ്ങളുടെ ഇറക്കുമതി 63.3 ബില്യൺ റിയാലാണ്. സർക്കാർ സേവനങ്ങൾ 24.7 ബില്യൺ റിയാൽ, ഇൻഷുറൻസ്, പെൻഷൻ സേവനങ്ങൾ 22.1 ബില്യൺ റിയാൽ, ആശയവിനിമയം, കമ്പ്യൂട്ടർ, വിവരസാങ്കേതിക സേവനങ്ങൾ 16.9 ബില്യൺ റിയാൽ എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകൾ.
ഉൽപ്പാദന സേവനങ്ങളുടെ ഇറക്കുമതി 14 ബില്യൺ റിയാലും വ്യക്തിഗത, സാംസ്‌കാരിക, വിനോദ സേവനങ്ങളുടേത് 10.4 ബില്യൺ റിയാലുമാണ്. ധനകാര്യ സേവനങ്ങൾ 9.8 ബില്യൺ റിയാൽ, അറ്റകുറ്റപ്പണി സേവനങ്ങൾ 7.2 ബില്യൺ റിയാൽ, ബൗദ്ധിക സ്വത്തവകാശ ഉപയോഗത്തിനുള്ള ചെലവ് ഏഴ് ബില്യൺ റിയാൽ എന്നിങ്ങനെയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ.
സേവനങ്ങളുടെ കയറ്റുമതിയെക്കാൾ ഇറക്കുമതി കൂടുതലായതിനാൽ ഈ മേഖലയിലെ വ്യാപാരക്കമ്മി വർധിച്ചു. 2024-ൽ 233.5 ബില്യൺ റിയാലായിരുന്ന കമ്മി 2025-ൽ 236.9 ബില്യൺ റിയാലായി ഉയർന്നു. സേവന കയറ്റുമതിയിൽ വളർച്ചയുണ്ടായെങ്കിലും ഇറക്കുമതിയുടെ ഉയർന്ന മൂല്യം സേവന വ്യാപാരക്കമ്മി വർധിക്കാൻ കാരണമായി.