ജിദ്ദ: സൗദി അറേബ്യയിൽ നിയമാനുസൃത താമസരേഖകളില്ലാതെ കഴിയുന്ന യെമൻ പൗരന്മാരുടെ താമസപദവി ക്രമീകരിക്കാനുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത് യെമൻ സമൂഹം. യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റഷാദ് അൽ അലീമിയുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം.

To advertise here,

സൗദിയിൽ അനധികൃത താമസപദവിയിൽ കഴിയുന്ന നിരവധി യെമൻ പൗരന്മാർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്. തങ്ങൾക്കും കുടുംബങ്ങൾക്കും കൂടുതൽ സ്ഥിരതയുള്ള ജീവിതത്തിന് വഴിയൊരുക്കുന്നതാണ് രാജകീയ നിർദേശമെന്ന് യെമൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പ്രതികരിച്ചു.

പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യെമൻ ജനതയോടുള്ള സൗദിയുടെ തുടർച്ചയായ പിന്തുണയാണ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. ആയിരക്കണക്കിന് യെമനികൾ കാത്തിരുന്ന നിമിഷമാണിത്. യെമൻ ജനതയോടുള്ള രാജാവിന്റെ ഉദാരമായ സമീപനമാണിത്. യെമനികൾക്ക് വിവിധ തലങ്ങളിൽ സൗദി നൽകിവരുന്ന പിന്തുണയെ ഏറെ വിലമതിക്കുന്നുവെന്നും സൗദിയിൽ താമസിക്കുന്നുന്ന യെമനികൾ പ്രതികരിച്ചു.

താമസപദവി നിയമവിധേയമാക്കാൻ സാമ്പത്തികവും മറ്റ് ബുദ്ധിമുട്ടുകളും നേരിട്ടിരുന്ന നിരവധി യെമനികൾക്ക് ആശ്വാസമാകുമെന്ന് അവർ പറഞ്ഞു. യെമൻ പണ്ഡിതന്മാരുടെ സംഘടനാ മേധാവിയും തീരുമാനം സ്വാഗതം ചെയ്തു. സൗദിയുടെ ദീർഘകാല പിന്തുണയുടെ തുടർച്ചയാണ് ഇതെന്ന് അഭിപ്രായപ്പെട്ടു.

യെമനികളുടെ താമസപദവി ക്രമീകരിക്കാനുള്ള തീരുമാനം ശരിയായ സമയത്താണ് വന്നത്. യെമൻ ജനതയോടുള്ള സൗദിയുടെ പിന്തുണയുടെ മറ്റൊരു ഉദാഹരണമാണിത്. ഇത് ഇത്തരത്തിലുള്ള ആദ്യ തീരുമാനമല്ല. യെമനികൾക്ക് സൗദി നൽകിയ പിന്തുണയും സഹായവും എണ്ണമറ്റതാണ്. സൗദി നേതൃത്വത്തിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യെമനികൾ നന്ദി അറിയിച്ചു.

സൗദി അറേബ്യയിലെ യമൻ പൗരന്മാരുടെ താമസപദവി നിയമവിധേയമാക്കാനുള്ള തീരുമാനത്തെ യെമൻ സർക്കാരും സ്വാഗതം ചെയ്തു. യെമൻ മന്ത്രിസഭ പുറത്തിറക്കിയ പ്രസ്താവനയിൽ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും നന്ദി അറിയിച്ചു. സൗദിയുടെ മാനുഷിക സമീപനത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സഹോദരപരവുമായ ബന്ധത്തിന്റെയും പ്രതിഫലനമാണ് തീരുമാനമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

യെമനികൾക്ക് സൗദി നൽകിവരുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് പുതിയ നടപടിയെന്നും രാഷ്ട്രീയ, സാമ്പത്തിക പിന്തുണകൾക്കപ്പുറം ജനതയുടെ അന്തസ്സും ക്ഷേമവും സംരക്ഷിക്കുന്ന തന്ത്രപരമായ പങ്കാളിത്തമാണ് സൗദി മുന്നോട്ടുവയ്ക്കുന്നതെന്നും യെമൻ സർക്കാർ വ്യക്തമാക്കി. യെമന്റെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന തൂണുകളിലൊന്നാണ് സൗദിയുടെ പിന്തുണയെന്നും യെമൻ നേതൃത്വം വ്യക്തമാക്കി.

സൗദിയിൽ നിയമാനുസൃത താമസരേഖകളില്ലാതെ കഴിയുന്ന യെമനികളുടെ താമസപദവി ക്രമീകരിക്കാനുള്ള നിർദേശത്തിന് സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അൽ അലീമി ആത്മാർഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. യെമൻ ജനതയോടുള്ള സൗദിയുടെ പിന്തുണയും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള പ്രതിബദ്ധതയും സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയ്ക്കായുള്ള അവരുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകാനുള്ള താൽപര്യവുമാണ് നിർദേശത്തിലൂടെ വ്യക്തമാകുന്നതെന്ന് അൽ അലീമി എക്‌സിൽ കുറിച്ചു.

സൗദിയിലെ യെമൻ അംബാസഡർ സാലിം സാലിഹ് ബിൻ ബ്രൈക്കും സൗദി നേതൃത്വത്തിന് നന്ദി അറിയിച്ചു. യെമൻ ജനതയോടുള്ള സൗദിയുടെ ദീർഘകാല സഹോദരപരവും മാനുഷികവുമായ പിന്തുണയുടെ തുടർച്ചയാണ് രാജകീയ നിർദേശമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും സഹോദരപരവുമായ ബന്ധത്തിന്റെ ആഴമാണ് തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്നും യെമൻ ജനത നേരിടുന്ന അസാധാരണ സാഹചര്യങ്ങളിൽ സൗദി നേതൃത്വം നൽകിവരുന്ന പിന്തുണയും കരുതലും ഇതിലൂടെ പ്രകടമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് സൗദിയിൽ അനധികൃതമായി കഴിയുന്ന എല്ലാ യെമൻ പൗരന്മാരുടെയും താമസപദവി ഔദ്യോഗികമായി ക്രമീകരിക്കുമെന്ന് അറിയിച്ചത്. യെമൻ ജനതയോടുള്ള സൗദിയുടെ സഹോദരപരവും മാനുഷികവുമായ പിന്തുണയുടെ ഭാഗമായാണ് നടപടി.

താമസപദവി ക്രമീകരിക്കുന്നതിന് സാധുവായ യെമൻ പാസ്പോർട്ട് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നടപടികൾ ആരംഭിക്കുന്ന തീയതിയും ബാധകമായ ചട്ടങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്‌സിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2025-ലെ കണക്കുകൾ പ്രകാരം 18 ലക്ഷത്തിലധികം യെമൻ പൗരന്മാരാണ് സൗദി അറേബ്യയിൽ താമസിക്കുന്നത്.