ലണ്ടന്‍: നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് സ്ഥിരതാമസമനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. സാമ്പത്തികമായ സംഭാവനകളല്ല, സാമൂഹികമൂല്യമാകും ദീര്‍ഘകാലത്തേക്കോ സ്ഥിരമായോ ഉള്ള താമസത്തിന് അനുമതി നല്‍കാന്‍ പ്രധാനമായും പരിഗണിക്കുകയെന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ഷബാന മഹ്‌മൂദ് സൂചിപ്പിച്ചു. 'ദ് സണ്‍ ഓണ്‍ സണ്‍ഡേ' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

To advertise here,

ദീര്‍ഘകാലമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് പൗരത്വത്തിനു വഴിതുറക്കുന്ന നിലവിലെ 'ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍' (ഐഎല്‍ആര്‍) പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കാനുള്ള വഴികള്‍ ആലോചിക്കുകയാണെന്ന് ഷബാന പറഞ്ഞു. വിദേശികള്‍ക്ക് ഐഎല്‍ആര്‍ നല്‍കുന്നത് അവരുടെ തൊഴിലിനെയോ ശമ്പളത്തെയോ എത്ര നികുതി അടയ്ക്കുന്നുണ്ടെന്നതിനെയോ മാത്രം ആശ്രയിച്ചല്ലെന്നും അവര്‍ ബ്രിട്ടീഷ് സമൂഹത്തിന് എന്തുനല്‍കുന്നു എന്നതുകൂടി നോക്കിയാകുമെന്നും ഷബാന പറഞ്ഞു. ഐഎല്‍ആറിന് അപേക്ഷിക്കാനുള്ള യോഗ്യത 10 വര്‍ഷമാക്കി ഉയര്‍ത്തുമെന്ന് ലേബര്‍ സര്‍ക്കാര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

നിലവില്‍ രാജ്യത്ത് അഞ്ചുവര്‍ഷമായി താമസിക്കുന്നവര്‍ക്ക് ഐഎല്‍ആറിന് അപേക്ഷിക്കാം. ഇവര്‍ക്ക് കാലാന്തരത്തില്‍ ബ്രിട്ടീഷ് പൗരത്വത്തിനും അപേക്ഷിക്കാം എന്നാണ് വ്യവസ്ഥ. ''നിയമാനുസൃത കുടിയേറ്റമാണ് ബ്രിട്ടനാവശ്യം. ഇവിടെവന്ന് ജോലി ചെയ്യാനാഗ്രഹിക്കുന്ന വിദേശികളെ എല്ലായ്പ്പോഴും സ്വാഗതംചെയ്യുന്ന രാജ്യമാണിത്. പക്ഷേ, താമസിക്കുന്നതിനും ജോലിചെയ്യുന്നതിനുംപുറമേ വലിയ ഒരുകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ആളുകള്‍ ബ്രിട്ടന്റെ സാമൂഹികരംഗത്ത് വിപുലമായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുക കൂടി വേണം.''- ഷബാന പറഞ്ഞു.

കശ്മീരില്‍ വേരുകളുള്ള തന്റെ ജീവിതത്തെ ഉദാഹരണമായി പറഞ്ഞാണ് ഷബാന ഇതുവിശദീകരിച്ചത്. 1960-'70 കാലത്ത് മാതാപിതാക്കള്‍ ബര്‍മിങ്ങാമിലേക്ക് കുടിയേറിയത് ജോലിചെയ്യാന്‍ മാത്രമല്ല സമൂഹത്തിന് സംഭാവന ചെയ്യുകകൂടി ലക്ഷ്യമിട്ടാണെന്ന് അവര്‍ പറഞ്ഞു. അവര്‍ സന്നദ്ധസേവകരായി പ്രവര്‍ത്തിച്ചെന്നും പ്രാദേശികരാഷ്ട്രീയത്തില്‍ ഇടപെട്ടെന്നും ഷബാന പറഞ്ഞു.

റിഫോം യുകെപോലുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ കരുത്താര്‍ജിച്ചു വരുന്നതിനാല്‍ കുടിയേറ്റനിയന്ത്രണമേര്‍പ്പെടുത്തേണ്ടത് അത്യാന്താപേക്ഷിതമാണെന്നും പറഞ്ഞു. ബ്രിട്ടനില്‍ ആഭ്യന്തരമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ മുസ്‌ലിം വനിതയാണ് ഷബാന. 2010 മുതല്‍ ബിര്‍മിങ്ങാം ലേഡിവുഡില്‍നിന്നുള്ള ലേബര്‍ എംപിയായ അവര്‍ 2025 സെപ്റ്റംബര്‍ അഞ്ചിനാണ് ചുമതലയേറ്റത്. അതിനുശേഷം നല്‍കുന്ന ആദ്യ അഭിമുഖമാണിത്.