റിയാദ്: 15,000 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ, കാറ്റാടി ഊർജ്ജ പദ്ധതികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി സൗദി അറേബ്യ ഏഴ് പുതിയ കരാറുകളിൽ ഒപ്പുവച്ചു. മൊത്തം നിക്ഷേപ കരാർ തുക 31 ബില്യൺ റിയാൽ (8.3 ബില്യൺ ഡോളർ) കണക്കാക്കുന്നു. ഊർജ്ജ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രാജ്യത്തിന്റെ ദേശീയ പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ ഭാഗമാണ് കരാറുകൾ ഒപ്പിട്ടത്.

പൊതു നിക്ഷേപ ഫണ്ടിന്റെ (പി ഐ എഫ് ) ഉടമസ്ഥതയിലുള്ള കമ്പനിയായ ബദീലിന്റെയും, അരാംകോയുടെ ഊർജ്ജ വിഭാഗമായ അരാംകോ പവറിന്റെയും പങ്കാളിത്വത്തോടെ ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലാണ് കരാറുകളിൽ ഒപ്പുവച്ചത്.

അസിർ മേഖലയിലെ ബിഷയിൽ 3,000 മെഗാവാട്ട്, മദീനയിലെ അൽ ഹുമൈജ് 3,000 മെഗാവാട്ട്, മക്കയിലെ ഖുലൈസ്   2,000 മെഗാവാട്ട്, റിയാദിലെ അഫിഫ് 1 ഉം 2 ഉം പദ്ധതിയുടെ  2,000 മെഗാവാട്ട് വീതം എന്നിവ ഒപ്പിട്ട സോളാർ ഫോട്ടോവോൾട്ടെയ്ക് പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ സോളാർ പദ്ധതികളുടെ ഉൽപാദനച്ചെലവ് ഒരു കിലോവാട്ടിനു  മണിക്കൂറിന് 4.72 മുതൽ 5.10 ഹലാല വരെയാണ്.

അതേസമയം റിയാദ് സത്താറ 7.71 ഹലാല/kWh ൽ 2,000 മെഗാവാട്ട്, റിയാദിലെത്തന്നെ ഷഖ്‌റ  6.99 ഹലാല/kWh  1,000 മെഗാവാട്ട് എന്നിവയാണ് കാറ്റാടി ഊർജ്ജ പദ്ധതികൾ. ആഗോളതലത്തിൽതന്നെ ഏറ്റവും വലിയതിൽ ഒന്നായ ഈ വലിയ പദ്ധതികളിൽ ഒരേസമയം ഒപ്പുവയ്ക്കുന്നത് പുനരുപയോഗ ഊർജ്ജത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തെയും ലോകത്തിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി ഉൽപാദന ചെലവ് കൈവരിക്കാനുള്ള കഴിവിനെയും വീണ്ടും ഉറപ്പിക്കുന്നതാണ്.

ഇതിന് കാരണം കാര്യക്ഷമമായ ധനകാര്യ മാതൃകകളും രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷത്തിലുള്ള നിക്ഷേപകരുടെ ശക്തമായ ആത്മവിശ്വാസവുമാണ്. പ്രധാനമായും വാങ്ങുന്നയാളായി പ്രവർത്തിക്കുന്നത് സൗദി പവർ പ്രൊക്യുർമെന്റ് കമ്പനി (എസ് പി പി സി ) ആണ്. പദ്ധതി പഠനങ്ങൾ, ടെൻഡറുകൾ, ഡെവലപ്പർമാരുമായി വൈദ്യുതി വാങ്ങൽ കരാറുകളിൽ ഒപ്പിടൽ എന്നിവയുടെ ഉത്തരവാദിത്വം എസ് പി പി സിക്കാണ്.
 
ഇന്നുവരെ എസ് പി പി സി 43,213 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി ടെൻഡർ ചെയ്തിട്ടുണ്ട്. ഇതിൽ 38.7 GW ഇതിനകം കരാർ ചെയ്തിട്ടുണ്ട്. 10.2 GW ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. 2025 അവസാനത്തോടെ 12.7 GW ഉം 2026 ഓടെ 20 GW ഉം കണക്റ്റഡ് ശേഷി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

To advertise here,