ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ജിദ്ദ കോർണിഷിന്റെ ആകാശത്ത് സൗദി യുദ്ധവിമാനങ്ങളുടെ വിസ്മയകരമായ വ്യോമാഭ്യാസ പ്രകടനം. വെള്ളിയാഴ്ച വൈകുന്നേരം നടന്ന ആകാശപ്രകടനം കാണാൻ ജിദ്ദ റോഷൻ വാട്ടർഫ്രണ്ടിൽ സ്വദേശികളും വിദേശികളുമടക്കം വൻ ജനക്കൂട്ടമാണ് എത്തിയത്.

To advertise here,

സൗദി പതാകകളും ദേശീയ നിറങ്ങളിലുള്ള സ്കാർഫുകളും കൈകളിലേന്തി ആഘോഷത്തിൽ പങ്കുചേർന്ന ജനങ്ങൾ യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് ആവേശത്തോടെ സാക്ഷ്യം വഹിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയദിന പ്രത്യേക വ്യോമപ്രകടനങ്ങൾ സെപ്റ്റംബർ 20 ഞായറാഴ്ചവരെ തുടരും.

ജിദ്ദ വാട്ടർഫ്രണ്ടിൽ ദിവസവും വൈകിട്ട് 5 മണിക്ക് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലും പ്രത്യേക വ്യോമപ്രകടനങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 4 മണിക്ക് മൽഹമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് റിയാദിലെ പ്രകടനങ്ങൾ. തുടർന്ന് സെപ്റ്റംബർ 26, 27 തീയതികളിൽ അൽഖോബർ വാട്ടർഫ്രണ്ടിൽ വ്യോമപ്രകടനങ്ങൾ നടക്കും. പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് മുന്നിലായിരിക്കും അൽഖോബറിലെ പ്രദർശനം.