റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെ സൗദി അറേബ്യയിൽ വിമാനയാത്രാ മേഖലയിലെ ചെലവിടൽ തുടർച്ചയായ രണ്ടാം ആഴ്ചയും വർധിച്ചു. ഹൂതി ആക്രമണത്തെ തുടർന്ന് താൽക്കാലികമായി തടസ്സപ്പെട്ട വിമാനത്താവള പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചതോടെ യാത്രാ മേഖലയിലെ ഇടപാടുകൾ വീണ്ടും സജീവമായതായി സൗദി സെൻട്രൽ ബാങ്കിന്റെ (സാമ) ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
നവംബർ ഏഴിന് അവസാനിച്ച ആഴ്ചയിൽ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ഇടപാടുകളുടെ മൂല്യം 3.383 കോടി റിയാലിലെത്തി. മുൻ ആഴ്ചയെ അപേക്ഷിച്ച് 8.5 ശതമാനമാണ് വർധന. ഒക്ടോബർ 31-ന് അവസാനിച്ച ആഴ്ചയിലും വിമാനയാത്രാ മേഖലയിലെ ചെലവിടൽ 11.2 ശതമാനം ഉയർന്നിരുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ മൊത്തം വർധന 20.7 ശതമാനമായി. വിമാനയാത്രാ മേഖലയിലെ ഇടപാടുകളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. 4.7 ശതമാനം ഉയർന്ന് ഇടപാടുകൾ 1.79 ലക്ഷത്തിലെത്തി.
അതേസമയം, ഇതേ കാലയളവിൽ രാജ്യത്തെ ആകെ പി.ഒ.എസ് ഇടപാടുകളുടെ മൂല്യം 2.5 ശതമാനം കുറഞ്ഞ് 1503 കോടി റിയാലായി. ഇടപാടുകളുടെ എണ്ണം കാര്യമായ മാറ്റമില്ലാതെ 26.485 കോടിയിൽ തുടർന്നു. വിമാനയാത്രാ മേഖലയിലെ തുടർച്ചയായ വളർച്ച യാത്രക്കാരുടെ ആവശ്യകതയും യാത്രാതാൽപര്യവും ശക്തമായി നിലനിൽക്കുന്നതിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധൻ തലത് ഹാഫിസ് അറബ് ന്യൂസിനോട് പറഞ്ഞു.
ഹൂതി ഭീകരാക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിച്ച് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വേഗത്തിൽ പുനഃസ്ഥാപിക്കാൻ സൗദിക്ക് കഴിഞ്ഞത് ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയിലും സ്ഥിരതയിലും പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുള്ള ശേഷിയിലുമുള്ള വിശ്വാസം വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതോടെ കൂടുതൽ ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്തും വിദേശത്തേക്കുമുള്ള യാത്രകൾക്ക് ജനങ്ങൾ മുൻഗണന നൽകുന്നത് തുടരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഭ്യന്തര ടൂറിസം, പ്രധാന പരിപാടികൾ, ബിസിനസ് പ്രവർത്തനങ്ങൾ, വിപുലീകരിക്കുന്ന വിമാന സർവീസുകൾ എന്നിവയെല്ലാം യാത്രാ ആവശ്യകത വർധിപ്പിക്കുന്നുണ്ട്. സൗദിയുടെ ടൂറിസം വികസന ലക്ഷ്യങ്ങൾക്കും ഇത് കരുത്തേകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ മേഖലകളിലെ ചെലവിടൽ
ഭക്ഷ്യ-പാനീയ മേഖലയിൽ 272 കോടി റിയാലിന്റെ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. മുൻ ആഴ്ചയെ അപേക്ഷിച്ച് 3.1 ശതമാനം കുറവാണിത്. റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിലെ ചെലവിടൽ 189 കോടി റിയാലായി. 0.6 ശതമാനമാണ് കുറവ്. വസ്ത്രങ്ങൾ, ഫാഷൻ ഉൽപന്നങ്ങൾ, അനുബന്ധ സാധനങ്ങൾ എന്നിവയുടെ മേഖലയിലെ ഇടപാടുകൾ 128 കോടി റിയാലിലെത്തി. 0.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഗതാഗത മേഖലയിൽ 105 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. 4.7 ശതമാനം കുറവാണിത്. ഇന്ധന സ്റ്റേഷനുകളിലെ ചെലവിടൽ 5.6 ശതമാനം കുറഞ്ഞ് 105 കോടി റിയാലായി. ആരോഗ്യ മേഖലയിലെ ചെലവിടൽ 2.4 ശതമാനം കുറഞ്ഞ് 93.786 കോടി റിയാലിലെത്തി.
പ്രധാന മേഖലകളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് പ്രൊഫഷണൽ, ബിസിനസ് സേവന മേഖലയിലാണ്. 16.2 ശതമാനം കുറഞ്ഞ് 62.420 കോടി റിയാലായി ചെലവിടൽ. ഇടപാടുകളുടെ എണ്ണത്തിലും 10.5 ശതമാനം കുറവുണ്ടായി.
വാഹന-ഉപകരണ വാടക മേഖലയിലും 15.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ മേഖലയിലെ ഇടപാടുകൾ 6.131 കോടി റിയാലായിരുന്നു.
അതേസമയം, പൊതുസേവന മേഖലയിൽ 19.5 ശതമാനം വളർച്ചയോടെ 8.756 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. വിദ്യാഭ്യാസ മേഖലയിലെ ഇടപാടുകൾ 11.6 ശതമാനം ഉയർന്ന് 13.772 കോടി റിയാലിലെത്തി. നിർമാണ-കെട്ടിട നിർമാണ സാമഗ്രികളുടെ മേഖലയിലെ ചെലവിടൽ 7.3 ശതമാനം വർധിച്ച് 46.983 കോടി റിയാലായി.
ഫർണിച്ചർ, ഗൃഹോപകരണ മേഖലയിൽ 5.8 ശതമാനം വർധനയോടെ 51.351 കോടി റിയാലിന്റെ ഇടപാടുകൾ രേഖപ്പെടുത്തി. ആഭരണ മേഖലയിലെ ചെലവിടൽ 3.9 ശതമാനം ഉയർന്ന് 64.370 കോടി റിയാലിലുമെത്തി.
നഗരങ്ങളിലെ ഇടപാടുകൾ
രാജ്യത്തെ പി.ഒ.എസ് ഇടപാടുകളിൽ റിയാദ് തന്നെയാണ് മുന്നിൽ. തലസ്ഥാന നഗരിയിൽ 528 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. മുൻ ആഴ്ചയെ അപേക്ഷിച്ച് ഒരു ശതമാനം കുറവാണിത്. എന്നാൽ, ഇടപാടുകളുടെ എണ്ണം 0.8 ശതമാനം വർധിച്ച് 8.88 കോടിയിലെത്തി.
ജിദ്ദയിൽ 194 കോടി റിയാലിന്റെ ഇടപാടുകൾ രേഖപ്പെടുത്തി. 1.8 ശതമാനമാണ് കുറവ്. ആകെ ഇടപാടുകളുടെ എണ്ണം 2.898 കോടിയായിരുന്നു.
ദമ്മാമിൽ 74.238 കോടി റിയാലിന്റെ ഉപഭോക്തൃ ചെലവിടൽ നടന്നു. 0.7 ശതമാനം കുറവാണിത്. മദീനയിൽ 59.365 കോടി റിയാലിന്റെയും മക്കയിൽ 57.361 കോടി റിയാലിന്റെയും ഇടപാടുകൾ രേഖപ്പെടുത്തിയതായും സൗദി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Published: 13 Nov 2026, 06:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented