ജിദ്ദ: ആറാമത് ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും ജിദ്ദയിൽ സമാപനം. നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകരാണ് പങ്കെടുത്തത്. വിവിധ മേഖലകളിലായി 2,553 കരാറുകളിലും ഒപ്പുവെച്ചു. സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവർ തുടങ്ങിയ മേഖലകളിൽനിന്നായി 520-ലധികം സ്ഥാപനങ്ങളും 150-ലധികം രാജ്യങ്ങളുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
ജിദ്ദ സൂപ്പർഡോമിൽ നടന്ന സമ്മേളനം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു. ഹജ്ജ്, ഉംറ മന്ത്രാലയവും സൗദി വിഷൻ 2030ന്റെ ഭാഗമായ തീർഥാടക അനുഭവ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 'മക്കയിൽ നിന്ന് ലോകത്തിലേക്ക്' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ സമ്മേളനം.
2027-ലെ ഹജ്ജിനുള്ള പ്രാരംഭ ഒരുക്കങ്ങളിൽ നിർണായകമായ ചുവടുവെപ്പായി സമ്മേളനം മാറി. ഹജ്ജ് കാര്യ ഓഫീസുകൾ, സേവനദാതാക്കൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, സംരംഭകർ, വിദഗ്ധർ, നയരൂപീകരണ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഒരുമിച്ചുകൂടി. അടുത്ത ഹജ്ജിനുള്ള കരാറുകൾ, പ്രവർത്തന ക്രമീകരണങ്ങൾ, തീർഥാടകർക്കുള്ള സേവനങ്ങൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടന്നു.
സമ്മേളനത്തിന്റെ ഭാഗമായി 45 ചർച്ചാ സെഷനുകൾ സംഘടിപ്പിച്ചു. 460-ലധികം പ്രഭാഷകർ പങ്കെടുത്ത പരിപാടികളിൽ ഗതാഗതം, താമസം, ഭക്ഷണം, ആരോഗ്യപരിചരണം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. കൂടാതെ 71 പ്രത്യേക പരിശീലന ശിൽപശാലകളും നടന്നു. 3,500 പേർ പരിശീലനത്തിൽ പങ്കെടുത്തു.
ഹജ്ജ് സേവന മേഖലയിലെ പ്രവർത്തനങ്ങളും പുതിയ വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച 'ഹജ്ജ് ടോക്ക്' വേദിയിൽ 47 സെഷനുകൾ നടന്നു. സേവനദാതാക്കളുടെയും ഹജ്ജ് കാര്യ ഓഫീസുകളുടെയും ആവശ്യങ്ങൾ, നിലവിലെ വെല്ലുവിളികൾ, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയും ചർച്ച ചെയ്തു.
അടുത്ത (1448 ഹിജ്റ വർഷത്തെ) ഹജ്ജിനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് 74 രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുമായി കരാറുകൾക്ക് അന്തിമരൂപം നൽകി. തീർഥാടകരുടെ യാത്ര, വിമാന ഗതാഗതം, മറ്റ് പ്രവർത്തന-സംഘടനാ ക്രമീകരണങ്ങൾ എന്നിവ നേരത്തേ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.
സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പുരസ്കാരങ്ങൾ നൽകി. ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുൽഫത്താഹ് മശാത്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തീർഥാടക സേവന രംഗത്തെ മികവിനുള്ള ലബ്ബൈതും അവാർഡ്, മാധ്യമ-ബോധവത്കരണ രംഗത്തെ മികവിനുള്ള മൂന്നാമത് തവാസുൽ അവാർഡ്, മുബ്ദിഊൻ അവാർഡ് എന്നിവയാണ് വിതരണം ചെയ്തത്.
ആദ്യമായി സംഘടിപ്പിച്ച ബോധവത്കരണ-പരിശീലന ഫോറത്തിൽ 12 സെഷനുകളും യോഗങ്ങളും നടന്നു. ബോധവത്കരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതികൾക്കും ഇവിടെ തുടക്കമായി. ബോധവത്കരണ സന്നദ്ധതാ സൂചിക, ഏകീകൃത തൊഴിലാളി പോർട്ടൽ, ഹജ്ജ് കാര്യ ഓഫീസുകളിലെ അംഗങ്ങൾക്കും ഗ്രൂപ്പ് ലീഡർമാർക്കുമുള്ള പരിശീലന പദ്ധതി എന്നിവയാണ് അവതരിപ്പിച്ചത്.
76 രാജ്യങ്ങളിൽനിന്നുള്ള 658 പേർക്ക് പരിശീലകരെ സജ്ജമാക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകി. നാല് ഭാഷകളിലായി 11 പരിശീലന വിഭാഗങ്ങളാണ് ഇതിനായി ഒരുക്കിയത്. ഫോറത്തിന്റെ ഭാഗമായി മൂന്ന് കരാറുകളിൽ ഒപ്പുവെക്കുകയും ഏഴ് സംവേദനാത്മക പരിപാടികളും എട്ട് അനുബന്ധ പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു.
67,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായിരുന്നു അനുബന്ധ പ്രദർശനം. ഗതാഗതം, വ്യോമയാനം, താമസം, ഭക്ഷണം, ആരോഗ്യപരിചരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, ജനക്കൂട്ട നിയന്ത്രണം, പരിശീലനം, മാധ്യമം തുടങ്ങി ഹജ്ജ് സേവന മേഖലയിലെ 19 വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുത്തു.
ഹജ്ജ് സമ്മേളനം, ഹജ്ജ് ടോക്ക്, ശിൽപശാലകൾ, ഇന്നൊവേഷൻ സോൺ, ബിസിനസ് സെന്റർ, പങ്കാളികളുടെ വേദി, വിദഗ്ധ സന്നദ്ധപ്രവർത്തകരുടെ ഫോറം, സാങ്കേതികവിദ്യ, ആരോഗ്യം, മാധ്യമം, വ്യോമയാന മേഖലകൾക്കായുള്ള പ്രത്യേക വേദികൾ തുടങ്ങി 15-ലധികം പ്രധാന പരിപാടികളും മേഖലകളും ഇത്തവണത്തെ സമ്മേളനത്തിന്റെ ഭാഗമായി.
നവീകരണ പദ്ധതികളുടെ ഭാഗമായി 15 സ്റ്റാർട്ടപ്പ് കമ്പനികൾ നാല് ദിവസങ്ങളിലായി നടന്ന ഇന്നൊവേഷൻ കൗൺസിലിൽ പങ്കെടുത്തു. മന്ത്രാലയത്തിലെ വിദഗ്ധരും പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ നിരവധി പേർ ചർച്ചകളിൽ പങ്കെടുത്തു. ഹജ്ജ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സാങ്കേതിക, പ്രവർത്തന പരിഹാരങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.
സ്റ്റാർട്ടപ്പ് പ്രദർശനത്തിൽ പത്ത് കമ്പനികൾ പങ്കെടുത്തു. ഭാവിയിലെ ഹജ്ജ് സേവനങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഇന്നൊവേഷൻ ക്യാമ്പിൽ 20 ടീമുകളും അണിനിരന്നു. സ്മാർട്ട് പ്രവർത്തനങ്ങൾ, ജനക്കൂട്ട നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, തീർഥാടക സേവനങ്ങൾ, ബോധവത്കരണം തുടങ്ങിയ മേഖലകളിൽ പുതിയ പരിഹാരങ്ങൾ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആശയങ്ങൾ പ്രായോഗികമാക്കാൻ സാമ്പത്തിക സഹായവും വിദഗ്ധരുടെ മാർഗനിർദേശവും ലഭ്യമാക്കി.
സർക്കാർ സ്ഥാപനങ്ങളുടെ 12 നൂതന പദ്ധതികൾ ഇന്നൊവേറ്റീവ് ഇനിഷ്യേറ്റീവ്സ് സോണിൽ അവതരിപ്പിച്ചു. ഇന്നൊവേഷൻ സ്റ്റോറിൽ 574 പുതിയ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. സന്ദർശകർക്ക് നേരിട്ട് പരീക്ഷിച്ചുനോക്കാൻ 13 നൂതന ഉൽപ്പന്നങ്ങളും ഒരുക്കിയിരുന്നു. കൂടാതെ പത്ത് കുടകളും 'രണ്ട് വിശുദ്ധ പള്ളികൾക്കായി ചിന്തിക്കൂ' പദ്ധതിയുടെ മൂന്ന് നൂതന ആശയങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സൗദി ഭരണനേതൃത്വത്തിന്റെ തുടർച്ചയായ ശ്രദ്ധയാണ് ആറാമത് ഹജ്ജ് സമ്മേളനത്തിന്റെ വിജയത്തിലൂടെ വ്യക്തമാകുന്നത്. ഹജ്ജ് സേവന മേഖലയുടെ നിലവാരം ഉയർത്തുക, പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, സ്വകാര്യ-സന്നദ്ധ മേഖലകളുടെ പങ്കാളിത്തം വർധിപ്പിക്കുക, സാങ്കേതികവിദ്യയും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തുക എന്നിവയാണ് ഇത്തരം പദ്ധതികളിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
Published: 12 Nov 2026, 07:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented