ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസലോകത്ത് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും നാടിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ തങ്ങളുടേതായ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്.

To advertise here,

വോട്ടർമാരെ ബോധവൽക്കരിക്കാനും ജനാധിപത്യ പ്രക്രിയയിൽ പങ്കാളിത്തം വർധിപ്പിക്കാനുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചുള്ള നവീന പ്രചാരണ പരിപാടികൾക്ക് സംഘടന രൂപം നൽകിയിട്ടുണ്ട്. 

ഷറഫിയയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വോട്ടുകൾ ഉറപ്പിക്കുന്നതിനുള്ള വിവിധ കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. പ്രവാസി കുടുംബങ്ങളുടെ വോട്ടുകൾക്ക് പുറമെ, നാട്ടിലെ ബന്ധുമിത്രാദികളുടെ വോട്ടുകൾ കൂടി യുഡിഎഫ് സ്ഥാനാർഥികൾക്കായി ഉറപ്പാക്കാൻ പ്രവർത്തകരോട് യോഗം ആഹ്വാനം ചെയ്തു. ഒഐസിസി നാഷണൽ, റീജണൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് വിവിധ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഇൻ ചാർജ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യാസർ നായിഫ്, സൈഫു വാഴയിൽ, അഷ്റഫ് അഞ്ചാലൻ, ഫൈസൽ മക്കരപ്പറമ്പ്, സിടിപി ഇസ്മയിൽ, ഇ പി മുഹമ്മദലി മക്കരപ്പറമ്പ്, നവാസ് ഏലംകുളം, ജലീൽ മടമ്പ്ര, ഗഫൂർ വണ്ടൂർ, സിദ്ദിഖ് പുല്ലങ്കോട്, സി.പി. മുജീബ് നാണി കാളികാവ് എന്നിവർ സംസാരിച്ചു.

ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും കമാൽ കളപ്പാടൻ നന്ദിയും പറഞ്ഞു. യു.എം ഹുസൈൻ മലപ്പുറം, സതീഷ് ബാബു മേൽമുറി, ഷംസു മേലാറ്റൂർ, റഷീദ് ശംസാൻ, ഉസ്മാൻ മേലാറ്റൂർ, സാജു റിയാസ്, അനസ് തുവ്വൂർ, നാസർ നീലഞ്ചേരി, പറമ്പിൽ ബാബു, ഫസലു വെള്ളുവമ്പലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.