ജിദ്ദ: സാഹസിക അനുഭവങ്ങളും കലാവിരുന്നുകളും നിറഞ്ഞ വൈവിധ്യമാർന്ന പരിപാടികളിലൂടെ ഈ വേനലിൽ ജിദ്ദ സഞ്ചാരികളുടെയും വിനോദപ്രേമികളുടെയും പ്രിയകേന്ദ്രമായി മാറിയിരിക്കുകയാണ്. സാഹസികതയും തത്സമയ കലാപ്രകടനങ്ങളും സമന്വയിപ്പിച്ച പുതുമയാർന്ന ആകർഷണങ്ങൾ നഗരത്തിന്റെ തീരപ്രദേശങ്ങളെ കൂടുതൽ സജീവമാക്കുകയാണ്.

To advertise here,

ഇന്ററാക്ടീവ് വിനോദകേന്ദ്രങ്ങൾ, വാട്ടർ പാർക്കുകൾ, സംഗീത-ഹാസ്യവിരുന്നുകൾ എന്നിവ കാണാൻ ആയിരക്കണക്കിന് സന്ദർശകരാണ് ദിവസേന എത്തുന്നത്.

ഈ സീസണിലെ ഏറ്റവും വലിയ ആകർഷണമായി മാറിയിരിക്കുന്നത് വണ്ടർ ജംഗിൾ ആണ്. പൂർണമായും അടച്ചിട്ടതും ശീതീകരിച്ചതുമായ ഈ ഇന്ററാക്ടീവ് വിനോദലോകത്തിൽ സ്വതന്ത്രമായി സഞ്ചരിക്കുന്ന വന്യമൃഗങ്ങളെ അടുത്തറിയാനും അവയോടൊപ്പം അപൂർവ അനുഭവങ്ങൾ പങ്കിടാനും സന്ദർശകർക്ക് അവസരമുണ്ട്.

ആഫ്രിക്കൻ വനാന്തരത്തിന്റെ ഭംഗി പകർത്തിയ അലങ്കാരങ്ങളോടുകൂടിയ റെസ്റ്റോറന്റുകൾ, തത്സമയ നാടകാവതരണങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ നൂതന ഗെയിം-സ്‌കിൽ സോണുകൾ എന്നിവയും ഇവിടെ പ്രധാന ആകർഷണങ്ങളാണ്.

നോർത്ത് അബ്ഹറിലെ സയൻ വാട്ടർ പാർക്ക് നവീകരിച്ച ജലവിനോദങ്ങളിലൂടെ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. അതേസമയം, ജിദ്ദയിലെ പ്രശസ്തമായ അൽ ഷല്ലാൽ അമ്യൂസ്‌മെന്റ് പാർക്ക് വിവിധ പ്രായക്കാർക്ക് അനുയോജ്യമായ റൈഡുകളും ആഴ്ചതോറുമുള്ള തത്സമയ വിനോദപരിപാടികളുമായി സന്ദർശകരെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.

കലാരംഗത്തും ജിദ്ദ ഈ വേനലിൽ ശ്രദ്ധേയമാണ്. അറബ്-അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന സംഗീതനിശകളും സ്റ്റാൻഡ്-അപ്പ് കോമഡി ഷോകളും നഗരത്തിൽ അരങ്ങേറുന്നുണ്ട്. അതോടൊപ്പം ഓറ ബീച്ചും അൽ ഖരിയ റിസോർട്ടും ജലകായിക വിനോദങ്ങൾ, സംഗീതപരിപാടികൾ, കടൽത്തീര വിശ്രമം എന്നിവ സമന്വയിപ്പിച്ച വേനൽ അനുഭവങ്ങൾ ഒരുക്കി സഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ്.

വിനോദവും സാഹസികതയും കലയും പ്രകൃതിഭംഗിയും ഒരുമിച്ചൊരുക്കുന്ന ഈ വേനൽ ആഘോഷങ്ങളിലൂടെ, സമഗ്രമായ സമ്മർ ടൂറിസം ലക്ഷ്യസ്ഥാനമെന്ന നിലയിൽ ജിദ്ദ തന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് അധികൃതർ വിലയിരുത്തുന്നു.