പാലക്കാട്: വേനലവധി തീരാൻ ഇനി രണ്ടരയാഴ്ചയേയുള്ളൂ. അവധിക്കാലത്ത് ഉല്ലാസയാത്രകൾക്ക് ഒരുങ്ങിയവർക്ക് ചൂട് വില്ലനായി. ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയതോടെ കുട്ടികളും മുതിർന്നവരും വീടുകളിലൊതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പും അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ചതോടെ, തിരിച്ചടി നേരിട്ടത് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുകൂടിയാണ്.

To advertise here,

ഇക്കുറി സന്ദർശകരുടെ വരവിൽ 10-15 ശതമാനം കുറവുണ്ടെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് അല്പമെങ്കിലും ആളുകളെത്തുന്നത്. അതും വെയിൽതാഴുന്ന നാലുമണിക്കു ശേഷം.

നിറം മങ്ങി മലമ്പുഴ
ഒരുവർഷം പിന്നിട്ടിട്ടും നവീകരണം തീരാത്ത മലമ്പുഴ ഉദ്യാനം അടഞ്ഞുകിടപ്പാണ്. റോപ്പ് വേയിലേക്കും അക്വേറിയത്തിലേക്കും ശില്‌പോദ്യാനത്തിലേക്കും മാത്രമാണ് പ്രവേശനം. ശില്‌പോദ്യാനത്തിൽ മാർച്ചിൽ ആളുകളെത്തിയെങ്കിലും ഏപ്രിലിൽ സന്ദർശകർ കുറഞ്ഞു. 2025 ഏപ്രിലിൽ 5,398 പേർ ശില്‌പോദ്യാനത്തിലെത്തിയിരുന്നു. 1,25,347 രൂപയായിരുന്നു വരുമാനം. ഈ വർഷം 4,418 പേർ മാത്രമായി. വരുമാനം 1,04,322 രൂപയായി.

എല്ലാ വർഷവും അവധിക്കാലത്ത് ശരാശരി 50,000-ത്തോളം പേർ റോപ്പ് വേയിലേക്ക് എത്തിയിരുന്നെങ്കിൽ ഈവർഷം അത് 25,000 ആയി.

വിയർത്തു, കോട്ടയിലും കവയിലും 
രാവിലെ നടത്തത്തിന് വരുന്നവരൊഴിച്ചാൽ പാലക്കാട് ടിപ്പുസുൽത്താൻ കോട്ടയിലെത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്ന് അധികൃതർ പറയുന്നു. അണക്കെട്ടിന്റെയും കാടിന്റെയും സൗന്ദര്യം ആസ്വദിക്കാൻ കവയിലെത്തുന്നവരും കുറഞ്ഞു. മരങ്ങൾ ഉണങ്ങിയതും കവയിൽ പഴയ തണുപ്പില്ലാത്തതും വന്യജീവികൾ ഇറങ്ങുന്നതുമെല്ലാം സന്ദർശകരെ പിന്നോട്ടടിപ്പിച്ചു.

തിരക്കൊഴിഞ്ഞ് സുന്ദരഗ്രാമം 
കൊല്ലങ്കോട്ടെ സുന്ദരഗ്രാമവും വേനൽച്ചൂടിൽ വാടിത്തളർന്നു. ജനുവരിക്കുമുൻപ് തന്നെ കൊല്ലങ്കോട്ടെ സീതാർകുണ്ട് ഉൾപ്പെടെയുള്ള തെന്മലയിലെ വെള്ളച്ചാട്ടങ്ങളും നീരുറവകളും വറ്റി. രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ് പാടങ്ങളും വരണ്ടതോടെ ചൂടും ഉഷ്ണക്കാറ്റും രൂക്ഷമായത് സഞ്ചാരികളുടെ വരവിനെ ബാധിച്ചു. താമരപ്പാടം, ചിങ്ങൻചിറ, സീതാർകുണ്ട് ഉൾപ്പെടെയുള്ള പ്രധാന വ്യൂ പോയിന്റുകളിലെല്ലാം വൈകീട്ട് മാത്രമാണ് സഞ്ചാരികളെത്തുന്നതെന്ന് താമരപ്പാടം വ്യൂ പോയിന്റ് മാനേജർ മീനിക്കോട് കളത്തിൽ എസ്. സനിൽകുമാർ പറഞ്ഞു.

വീശിയത് ചൂടുകാറ്റ് 
മംഗലംഡാം ഉദ്യാനത്തിൽ വേനലവധിക്കാലത്ത് ദിവസേന 200-250 പേരാണ് വരാറുള്ളത്. ഇത്തവണ ഇത് 150-200 പേരായി.

ഒറ്റപ്പാലം അനങ്ങൻമലയിലെത്താനും ആളുകൾക്ക് മടിയായിരുന്നു. അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ മലമുകളിലേക്കുള്ള ട്രക്കിങ്ങും വൈകുന്നേരങ്ങൾ ചെലവഴിക്കാനുള്ള ആളുകളുടെ വരവും നന്നേ കുറഞ്ഞു. എന്നാൽ വേനൽമഴ വന്ന് ചൂട് കുറഞ്ഞതോടെ വീണ്ടും ആളുകളെത്തിത്തുടങ്ങി.

ആശ്വാസമായി സൈലന്റ് വാലി 
കനത്തചൂടിൽ കാടിന്റെ കുളിരുപകർന്നത് സൈലന്റ് വാലിയായിരുന്നു. 2025 ഏപ്രിൽമുതൽ 2026 മാർച്ചുവരെ 40,000-ത്തിലധികംപേർ സന്ദർശിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലും നൂറുക്കണക്കിന് പേരാണ് എത്തിയത്.

നെല്ലിയാമ്പതിയും ചതിച്ചാശാനേ... 
നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു. കഴിഞ്ഞവർഷം അവധിക്കാലത്ത് പോത്തുണ്ടി വനംവകുപ്പിന്റെ ചെക്പോസ്റ്റ് വഴി പ്രതിദിനം 1200-ലധികം വാഹനങ്ങളും 2500-ലധികം സഞ്ചാരികളും എത്തിയിരുന്നെങ്കിൽ ഇത്തവണ ശനി, ഞായർ ദിവസങ്ങളിൽ 400-ൽ താഴെ വാഹനങ്ങളും ആയിരത്തിൽ താഴെ സഞ്ചാരികളുമാണ് എത്തിയത്.

സാധാരണ നെല്ലിയാമ്പതിയിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയും രാത്രി 18 ഡിഗ്രി സെൽഷ്യസിൽ താഴെയുമാവും താപനില. എന്നാൽ, ഇത്തവണ ഇത് പകൽ 34, രാത്രി 20 എന്നതിേലക്ക് ഉയർന്നു.

വേനൽമഴ ലഭിച്ച് മരങ്ങൾ തളിരിടുകയും വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് തുടങ്ങുകയും ചെയ്തതോടെ സഞ്ചാരികൾ വീണ്ടും എത്തിതുടങ്ങിയതായി റിസോർട്ട് ഉടമകൾ പറയുന്നു.

വരിക്കാശ്ശേരിയിലും ആളുകുറഞ്ഞു 
വരിക്കാശ്ശേരി മന കാണാൻ അവധിക്കാലത്ത് വരുന്ന ആളുകൾ കുറഞ്ഞു. കഴിഞ്ഞവർഷം വേനൽ അവധിക്ക് കൊല്ലത്തുനിന്ന് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ടൂറിസം സർവീസ് ഉണ്ടായിരുന്നു. ഇത്തവണ ഇതുണ്ടായില്ല.