ജിദ്ദ: ജിദ്ദയിലെ ഫുട്ബോൾ പ്രേമികളുടെ ആവേശമായിരുന്ന സിഫ് ഫുട്ബോൾ ടൂർണമെന്റിന് വീണ്ടും പന്തുരുളുന്നു. ഒരു വർഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന സിഫ്–റബിയ ടീ ഫൈനൽ മത്സരങ്ങൾ 'നിസ് അറേബ്യ'യുടെ നേതൃത്വത്തിൽ നവംബർ 13 വെള്ളിയാഴ്ച നടക്കും. നീണ്ട ഇടവേളയ്ക്കുശേഷം ടൂർണമെന്റ് വീണ്ടും സജീവമാകുന്നതിന്റെ ആവേശത്തിലാണ് സംഘാടകരും ഫുട്ബോൾ ആരാധകരും.
സ്പോർട്സ് അതോറിറ്റിയുടെ പൂർണ അനുമതിയോടെ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള അൽറുസൂഖ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി ആറ് ടീമുകളാണ് ഫൈനൽ പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്.
മത്സരങ്ങൾ വൈകീട്ട് 6.15ന് ആരംഭിക്കും. മഗ്രിബ് നമസ്കാരത്തിന് ശേഷം നടക്കുന്ന അണ്ടർ 17 വിഭാഗത്തിൽ ഗ്രീൻ ബോക്സ് ലോജിസ്റ്റിക് ടാലന്റ് ടീൻസ് ഫുട്ബോൾ അക്കാദമി, ഇ.എഫ്.എസ് ലോജിസ്റ്റിക് ജെ.എസ്.സി സോക്കർ അക്കാദമിയെ നേരിടും.
രാത്രി എട്ടിന് നടക്കുന്ന ബി ഡിവിഷൻ ഫൈനലിൽ അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ചാർമസ് ന്യൂ കാസിൽ എഫ്.സിയും ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സിയും ഏറ്റുമുട്ടും. രാത്രി 9.30-ന് നടക്കുന്ന എ ഡിവിഷൻ ഫൈനലിൽ റീം അൽ ഉല ഈസ് ടി സബീൻ എഫ്.സി, എച്ച്.എം.ആർ റിയൽ കേരള എഫ്.സിയെ നേരിടും.
നാട്ടിൽനിന്നും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽനിന്നുമായി നിരവധി പ്രഗത്ഭരായ താരങ്ങൾ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ മത്സരവും ആവേശകരമായ പോരാട്ടമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ജിദ്ദയിലെ പ്രവാസി ഫുട്ബോൾ ലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിരുന്ന സിഫ് ടൂർണമെന്റിന്റെ തിരിച്ചുവരവ് കായികപ്രേമികൾക്കും പുതിയ പ്രതീക്ഷയാണ് നൽകുന്നത്. മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നതോടെ പഴയ ഫുട്ബോൾ ആവേശം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നീണ്ട ഇടവേളയ്ക്കുശേഷമുള്ള ഈ ഫൈനൽ പോരാട്ടങ്ങൾ കളിക്കളത്തിൽ ആവേശത്തിന്റെ പുതിയ അധ്യായം തുറക്കുമെന്നാണ് സംഘാടക സമിതിയുടെ വിലയിരുത്തൽ.
Published: 10 Nov 2026, 06:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented