റിയാദ്: സൗദി അറേബ്യയിലെ എൻജിനീയറിങ്, സാങ്കേതിക തൊഴിൽ മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങളൊരുക്കി സ്വദേശിവത്കരണ നടപടികൾ ശക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ 94 സാങ്കേതിക, എൻജിനീയറിങ് തസ്തികകളിൽ സ്വദേശിവത്കരണ നിരക്ക് 35 ശതമാനമായി ഉയർത്താൻ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. 2027 മേയ് ഒമ്പതുമുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽവരും.
ദേശീയ തൊഴിൽശേഷിയെ കൂടുതൽ പ്രയോജനപ്പെടുത്തുക, വിദഗ്ധ തൊഴിൽ മേഖലകളിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുക, യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പുതിയ തീരുമാനം കൂടുതൽ കരുത്തേകും.
പുതിയ വ്യവസ്ഥ പ്രകാരം ലക്ഷ്യമിട്ട തസ്തികകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം. സ്ഥാപനതലത്തിലാണ് സ്വദേശിവത്കരണ നിരക്ക് കണക്കാക്കുന്നത്.
സിവിൽ എൻജിനീയറിങ് ടെക്നീഷ്യൻ, ഇലക്ട്രിക്കൽ എൻജിനീയറിങ് ടെക്നീഷ്യൻ, മെക്കാനിക്കൽ എൻജിനീയറിങ് ടെക്നീഷ്യൻ, ഇലക്ട്രോണിക് എൻജിനീയറിങ് ടെക്നീഷ്യൻ, സർവേയിങ് ടെക്നീഷ്യൻ, മെക്കാനിക്കൽ മെയിന്റനൻസ് ടെക്നീഷ്യൻ, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ തുടങ്ങി 94 തസ്തികകളാണ് പുതിയ തീരുമാനത്തിന്റെ പരിധിയിൽ വരുന്നത്.
സ്വദേശിവത്കരണ ലക്ഷ്യം കൈവരിക്കാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണയും മന്ത്രാലയം ഉറപ്പാക്കും. സ്വദേശികളെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും തൊഴിൽ യോഗ്യത വർധിപ്പിക്കുന്നതിനും ജോലിയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള വിവിധ സഹായ പദ്ധതികൾ ലഭ്യമാക്കും. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ മറ്റ് പിന്തുണാ പദ്ധതികളിലും സ്ഥാപനങ്ങൾക്ക് മുൻഗണന ലഭിക്കും.
പുതിയ തീരുമാനത്തിന്റെ പരിധിയിൽവരുന്ന തസ്തികകൾ, നടപ്പാക്കൽ രീതി, സ്വദേശിവത്കരണ നിരക്ക് കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, പാലിക്കേണ്ട വ്യവസ്ഥകൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ മാർഗനിർദേശവും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ തൊഴിൽശേഷിയുടെ കഴിവുകൾ പ്രയോജനപ്പെടുത്തി സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാനും തൊഴിൽ വിപണിയുടെ കാര്യക്ഷമത ഉയർത്താനുമുള്ള സൗദിയുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് പുതിയ തീരുമാനം കൂടുതൽ ഊർജം പകരും.

To advertise here,