റിയാദ്: സൗദി അറേബ്യയിലെ ഉൽപ്പാദന മേഖലയിലെ സജീവ വാണിജ്യ രജിസ്ട്രേഷനുകളിൽ 18 ശതമാനം വർധന. 2026-ലെ മൂന്നാം പാദം അവസാനിക്കുമ്പോൾ രജിസ്ട്രേഷനുകളുടെ എണ്ണം 2,55,188 ആയി ഉയർന്നതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 2,15,697 ആയിരുന്നു.
ഖനന, ക്വാറി മേഖലകളിലെ വാണിജ്യ രജിസ്ട്രേഷനുകളിലും 13 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 11,263 ആയിരുന്ന രജിസ്ട്രേഷനുകൾ ഈ വർഷം 12,831 ആയി ഉയർന്നു.
സോളാർ പാനലുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണ മേഖലയിലാണ് ശ്രദ്ധേയമായ വളർച്ച. ഈ മേഖലയിൽ രജിസ്ട്രേഷനുകൾ 33 ശതമാനം വർധിച്ച് 1,700 ആയി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 1,270 ആയിരുന്നു.
വാഹന എൻജിനുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണ, അസംബ്ലി മേഖലയിലും 45 ശതമാനം വർധനയുണ്ടായി. 832 ആയിരുന്ന രജിസ്ട്രേഷനുകൾ 1,207 ആയി ഉയർന്നു.
വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിനും പ്രകൃതിവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായി നടപ്പാക്കുന്ന നടപടികളാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ മുന്നേറ്റം.
വ്യാപാര-നിക്ഷേപ അവസരങ്ങളുടെ വികാസം, സാമ്പത്തിക വൈവിധ്യവത്കരണം, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള പിന്തുണ, ദേശീയ വ്യവസായ വികസനത്തിൽ സ്വകാര്യ മേഖലയുടെ വർധിച്ച പങ്കാളിത്തം എന്നിവയുടെ പ്രതിഫലനമാണ് ഈ വളർച്ചയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കുന്നതിനും വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഇത് സഹായകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

To advertise here,