റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വൈദ്യുതി വിതരണ കമ്പനിയായ സൗദി എനർജിയുടെ വരുമാനത്തിൽ നടപ്പുവർഷത്തെ ആദ്യ ഒമ്പത് മാസത്തിനിടെ 11.5 ശതമാനം വർധന. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 87.2 ബില്യൺ റിയാലാണ് കമ്പനി വരുമാനമായി നേടിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 4.3 ശതമാനം ഉയർന്ന് 12.1 ബില്യൺ റിയാലിലെത്തി. കമ്പനിയുടെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പലിശ, നികുതി, സകാത്ത്, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള പ്രവർത്തന ലാഭമായ EBITDA 6.6 ശതമാനം വർധിച്ച് 34.7 ബില്യൺ റിയാലായി. തന്ത്രപ്രധാന നിക്ഷേപങ്ങൾ, നിയന്ത്രിത ആസ്തികളുടെ അടിത്തറയിലുണ്ടായ വളർച്ച, വൈദ്യുതി ആവശ്യകതയിലെ വർധന എന്നിവയാണ് സാമ്പത്തിക നേട്ടത്തിന് കരുത്തായത്.
2026-ലെ മൂന്നാം പാദത്തിൽ മാത്രം കമ്പനിയുടെ വരുമാനം 12.9 ശതമാനം ഉയർന്ന് 35 ബില്യൺ റിയാലിലെത്തി. അറ്റാദായം 0.4 ശതമാനം വർധിച്ച് 5.4 ബില്യൺ റിയാലായി.
വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനൊപ്പം വൈദ്യുത നിലയങ്ങളുടെ പ്രവർത്തനക്ഷമത, വൈദ്യുതി ശൃംഖലയുടെ വിശ്വാസ്യത, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിച്ചതായി സൗദി എനർജി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് അൽഗാംദി പറഞ്ഞു.
ബാറ്ററി ഊർജ സംഭരണ ശേഷി 22 ഗിഗാവാട്ട് മണിക്കൂറിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ 2026-ലെ കമ്പനി ലക്ഷ്യം കൈവരിക്കാനായി. പുനരുപയോഗ ഊർജ സ്രോതസ്സുകളെ ദേശീയ വൈദ്യുതി ശൃംഖലയുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കാനും ഇത് സഹായിക്കും.
സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് കമ്പനിയുടെ നിയന്ത്രിത ആസ്തികളുടെ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.6 ശതമാനം വർധിച്ച് 278.8 ബില്യൺ റിയാലായി. വൈദ്യുതി പ്രസരണ, വിതരണ അടിസ്ഥാന സൗകര്യങ്ങളിലെ തുടർച്ചയായ നിക്ഷേപമാണ് വളർച്ചയ്ക്ക് സഹായകമായത്.
ആദ്യ ഒമ്പത് മാസത്തിനിടെ മൂലധന ചെലവ് 59.6 ബില്യൺ റിയാലായിരുന്നു. സുകൂക്കുകളും വിവിധ വായ്പാ സൗകര്യങ്ങളും ഉൾപ്പെടെ ഏകദേശം 64.4 ബില്യൺ റിയാലിന്റെ ധനസഹായ കരാറുകളിലും കമ്പനി ഒപ്പുവെച്ചു.
രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത 2.5 ശതമാനം വർധിച്ച് 79,045 മെഗാവാട്ടിലെത്തി. മൊത്തം വൈദ്യുതി ഉൽപാദന ശേഷി 56.8 ഗിഗാവാട്ടായി. ദേശീയ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ച പുനരുപയോഗ ഊർജ ശേഷി 19.3 ഗിഗാവാട്ടിലെത്തി. വൈദ്യുതി പ്രസരണ ശൃംഖലയുടെ നീളം ആറു ശതമാനം വർധിച്ച് 1,10,950 സർക്യൂട്ട് കിലോമീറ്ററായും ഉയർന്നു.
കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം 11.7 ദശലക്ഷത്തിലെത്തി. ആദ്യ ഒമ്പത് മാസത്തിനിടെ 2,37,762 പുതിയ ഉപഭോക്താക്കളെയാണ് വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 30 ശതമാനം വർധനയാണിത്.
വൈദ്യുതി തടസ്സങ്ങളുടെ ശരാശരി ദൈർഘ്യം സൂചിപ്പിക്കുന്ന SAIDI സൂചികയിലും 16 ശതമാനം പുരോഗതി രേഖപ്പെടുത്തി. ഇതോടെ ഓരോ ഉപഭോക്താവിനും നേരിടേണ്ടിവരുന്ന ശരാശരി വൈദ്യുതി തടസ്സ സമയം 37.17 മിനിറ്റായി കുറഞ്ഞു.
അതേസമയം, 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ വൈദ്യുതി സേവന നിരക്കുകളിൽ മാറ്റംവരുത്തുന്നതായും കമ്പനി അറിയിച്ചു. നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം ഈ മാറ്റം കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിൽ കാര്യമായ പ്രത്യാഘാതമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

To advertise here,