ത്വാഇഫ്: സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ് ) ത്വാഇഫ് റീജിയൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

To advertise here,

“Share the Gift of Life” എന്ന പ്രമേയത്തിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഐസിഎഫ് സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് ത്വാഇഫിലും ക്യാമ്പ് സംഘടിപ്പിച്ചത്. കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ നിരവധി പേർ രക്തദാനം നടത്തി. കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്തശേഖരണം.

പ്രവാസി സമൂഹത്തിനിടയിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസികൾക്കുള്ള ഉത്തരവാദിത്വങ്ങളെക്കുറിച്ചും ക്യാമ്പിന്റെ ഭാഗമായി ബോധവൽക്കരണം നടത്തി. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ രക്തം ലഭ്യമാക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്ന് സംഘാടകർ പറഞ്ഞു.

രക്തദാനത്തിൽ പങ്കെടുത്തവരെ കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സ് മേധാവി ഫവാസ് മയൂദ് സവാത്ത് അനുമോദിച്ചു. ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഐ.സി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവനങ്ങൾ സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഐസിഎഫ് ത്വാഇഫ് റീജിയൻ ഭാരവാഹികളായ ആർഎം ത്വൽഹത്ത്, അബ്ദുൽ ബാരി, അൻസാർ, അബ്ദുൽ ഗഫൂർ വറ്റലൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.