റിയാദ്: ഫിജിയിൽനിന്നുള്ള ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളെ വേർതിരിക്കുന്നതിനുള്ള ശസ്ത്രക്രിയയുടെ സാധ്യത പരിശോധിക്കാൻ സൗദി അറേബ്യയിലെത്തിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരമാണ് കുട്ടികളെയും കുടുംബത്തെയും പ്രത്യേക ചികിത്സയ്ക്കായി റിയാദിലേക്ക് കൊണ്ടുവന്നത്.

To advertise here,

വെള്ളിയാഴ്ചയാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരട്ടക്കുട്ടികളും കുടുംബവും എത്തിയത്. ദേശീയ ഗാർഡ് ആരോഗ്യകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് ഇരട്ടക്കുട്ടികളെ മാറ്റിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരുടെ സംഘം കുട്ടികളുടെ ആരോഗ്യനില വിശദമായി പരിശോധിക്കുകയും ശസ്ത്രക്രിയ നടത്താനാകുമോ എന്ന് തീരുമാനിക്കുകയും ചെയ്യും.

ഇടപെടലിന് റിയാദിലെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) ജനറൽ സൂപ്പർവൈസറും സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്റെ മെഡിക്കൽ-സർജിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ റബീഅ സൗദി നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി. ദേശീയതയോ പശ്ചാത്തലമോ നോക്കാതെ ആവശ്യക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതിയെന്ന് ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.

ലോകത്തിലെ ഏറ്റവും സങ്കീർണമായ ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളുടെ കേസുകൾ വിജയകരമായി കൈകാര്യം ചെയ്യുന്ന ആഗോള മാതൃകയായി 'സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാം' വളർന്നിട്ടുണ്ടെന്നും, സൗദിയുടെ മാനുഷിക ദർശനവും വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ കഴിവുമാണ് ഇതിന് പിന്നിലെന്നും അൽ റബീഅ വ്യക്തമാക്കി. മക്കൾക്ക് വിദഗ്ധ ചികിത്സ ഒരുക്കിയതിനും സൗഹൃദപരമായ സ്വീകരണത്തിനും സൗദി ഭരണാധികാരികളോടും ജനങ്ങളോടും ഇരട്ടക്കുട്ടികളുടെ കുടുംബം നന്ദി അറിയിച്ചു.