ജിദ്ദ: ഇസ്ലാമില്‍ ആദ്യമായി നിര്‍മിച്ച, സൗദി നഗരമായ മദീനയിലുള്ള ഖുബ മസ്ജിദ് ഈവര്‍ഷം മാത്രം ഇതുവരെ 19 ദശലക്ഷത്തിലധികം (190 ലക്ഷം) മുസ്ലീങ്ങള്‍ പ്രാര്‍ത്ഥന നടത്തിയതായി ഔദ്യോഗിക കണക്കുകള്‍. പ്രവാചകന്‍ മുഹമ്മദ് നബി ഏഴാം നൂറ്റാണ്ടില്‍ (ഹിജ്‌റ ആരംഭത്തില്‍) മക്കയില്‍ നിന്ന് മദീനയിലെത്തിയതിന് ശേഷം നിര്‍മ്മിച്ച ഇസ്ലാമിലെ ആദ്യത്തെ പള്ളിയാണ് ഖുബ മസ്ജിദ്.

To advertise here,

2022-ല്‍ ഖുബ മസ്ജിദും അതിന്റെ അങ്കണങ്ങളും ഒരു വലിയ വിപുലീകരണത്തിനായി വന്‍പദ്ധതി നടപ്പാക്കുകയും പള്ളിയിലെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. പള്ളി സ്ഥലം വികസിപ്പിക്കുകയും ചുറ്റുമുള്ള പ്രദേശം വികസിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരിലാണ് അറിയപ്പെടുന്നത്.

മക്കയില്‍നിന്നും പ്രവാചകന്‍ മദീനയിലേക്ക് പാലായനം ചെയ്തതിനെ സൂചിപ്പിക്കുന്ന ഹിജ്‌റ വര്‍ഷത്തിന്റെ ആദ്യത്തില്‍ മസ്ജിദ് പണിതതിനു ശേഷം ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണമാണ് ഇപ്പോഴത്തെ പദ്ധതി. 50,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് വിപുലീകരണത്തിലൂടെ ഒരുങ്ങുന്നത്. നിലവിലെ സൗകര്യത്തെക്കാള്‍ 10 മടങ്ങ് കൂടുതല്‍ ആരാധകര്‍ക്ക് പള്ളിയില്‍ സൗകര്യമൊരുങ്ങും. ഖുബാ മസ്ജിദിന് ചുറ്റും നല്ല രീതിയില്‍ തയ്യാറാക്കിയ മുറ്റങ്ങളും മുഴുസമയ ഗതാഗത സേവനങ്ങളും ഉണ്ട്.

ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായി അറിയപ്പെടുന്ന മക്കയില്‍ ഉംറ കര്‍മ്മത്തിനുശേഷം ഇസ്ലാമിന്റെ രണ്ടാമത്തെ ഏറ്റവും പുണ്യസ്ഥലമായ മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനും പ്രവാചകന്‍ അന്തിയുറങ്ങുന്ന സ്ഥലത്ത് സിയാറത്തിനുമായി എത്തുന്നവര്‍ ഖുബ മസ്ജിദ് അടക്കമുള്ള നഗരത്തിലെ മറ്റ് ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കുക പതിവാണ്.