To advertise here,

മക്ക: മുസ്‌ലിംകളോട് അല്ലാഹുവിനെ സൂക്ഷിക്കാനും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാനും ആത്മാർഥതയോടെ അവനെ ആരാധിക്കാനും മക്കയിലെ മസ്ജിദുൽ ഹറാമിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ആഹ്വാനം ചെയ്തു.

അല്ലാഹു യാതൊന്നുമില്ലാത്ത അവസ്ഥയിൽ നിന്നാണ് സൃഷ്ടികളെ സൃഷ്ടിച്ചത്. മനുഷ്യരാശിക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം ഇസ്‌ലാമും ഏകദൈവ വിശ്വാസവും 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല) എന്ന വിശ്വാസവുമാണ്. തന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ചിലർക്ക് ഈ മഹത്തായ അനുഗ്രഹം അല്ലാഹു നൽകി. നീതിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ മറ്റുചിലർക്ക് അത് നിഷേധിക്കുകയും ചെയ്തുവെന്നും ഇന്ന് (വെള്ളിയാഴ്ച) മസ്ജിദുൽ ഹറാമിൽ നടത്തിയ ജുമുഅ ഖുതുബയിൽ മക്ക ഇമാം പറഞ്ഞു.

ഏകദൈവ വിശ്വാസം അല്ലാഹു തന്റെ ദാസന്മാരിൽ നിന്ന് ആവശ്യപ്പെടുന്ന അവകാശമാണെന്നും മനുഷ്യരെ അല്ലാഹു സൃഷ്ടിച്ച പ്രകൃതിയുടെ അടിസ്ഥാനമാണതെന്നും അദ്ദേഹം വിശദീകരിച്ചു. സൃഷ്ടികളെ സൃഷ്ടിച്ചതിന്റെയും വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതിന്റെയും പ്രവാചകന്മാരെ നിയോഗിച്ചതിന്റെയും ലക്ഷ്യവും ഇതുതന്നെയാണ്.

ആരാധനാകർമങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഏകദൈവ വിശ്വാസമെന്നും വാക്കുകൾ, വിശ്വാസങ്ങൾ, പ്രവൃത്തികൾ, ഇടപാടുകൾ എന്നിവയെല്ലാം അതിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സമ്പൂർണ ജീവിതരീതിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏകദൈവ വിശ്വാസത്തിന്റെ മഹത്വവും പവിത്രതയും തകർക്കുന്ന ഏറ്റവും വലിയ തിന്മയും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വിശ്വാസവാക്യത്തിന്റെ സത്തയെ നശിപ്പിക്കുന്ന ഏറ്റവും ഗുരുതരമായ പാപവും അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് ശൈഖ് വ്യക്തമാക്കി. ഒരാൾ എത്ര വലിയ പുണ്യവാനോ മതനിഷ്ഠയുള്ളവനോ ആയിരുന്നാലും, എത്ര ഉയർന്ന പദവിയും സ്ഥാനവും നേടിയാലും അല്ലാഹുവല്ലാതെ മറ്റാർക്കും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദൈവ വിശ്വാസമെന്ന അനുഗ്രഹത്തിന്റെ മഹത്വവും മൂല്യവും സ്ഥാനവും തിരിച്ചറിയുമ്പോൾ ഓരോ മുസ്‌ലിമും സ്വന്തം കാര്യത്തിലും കുടുംബത്തിന്റെയും ബന്ധുക്കളുടെയും കാര്യത്തിലും പ്രത്യേക ജാഗ്രത പുലർത്തണം. ഈ വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളിൽ അവർ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

അമുസ്‌ലിംകളെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും അതിന്റെ യാഥാർഥ്യം, സൗന്ദര്യം, മഹത്വം, പൂർണത, ഇഹലോകത്തും പരലോകത്തും അത് നൽകുന്ന നന്മകൾ എന്നിവ അവർക്ക് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ഇതെല്ലാം ജ്ഞാനത്തോടെയും സദുപദേശത്തോടെയും നിർവഹിക്കണമെന്നും ശൈഖ് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ഖുതുബയിൽ ആഹ്വാനം ചെയ്തു.