റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 4,13,500 ഓളം ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകൾ അധികൃതർ പിടികൂടി. വൻപയർ കടത്തിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്. അൽ ഹദീസ അതിർത്തി ചെക്ക് പോസ്റ്റ് വഴി സൗദിയിലേക്ക് എത്തിയ ട്രക്കിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

To advertise here,

സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഹമൂദ് അൽ ഹർബി അറിയിച്ചതാണ് ഇക്കാര്യം. അൽ ഹദീസ അതിർത്തി വഴി സൗദിയിലേക്ക് എത്തിയ ട്രക്കിൽ പതിവ് കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ സുരക്ഷാ സാങ്കേതിക സംവിധാനങ്ങളും പരിശീലനം ലഭിച്ച അന്വേഷണ നായ്ക്കളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

രാജ്യത്തേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കർശനമായ കസ്റ്റംസ് നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ തുടരുമെന്ന് ഹമൂദ് അൽ ഹർബി വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിന്റെ ഭാഗമായി മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളുടെ കടത്ത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ തുടങ്ങിയ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് കടത്തും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പൊതുജനങ്ങളുടെ സഹകരണം അധികൃതർ അഭ്യർഥിച്ചു. ഇത്തരം വിവരങ്ങൾ 1910 എന്ന സുരക്ഷാ ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലൂടെയോ ഇ-മെയിൽ വഴിയോ അറിയിക്കാം.

ലഭിക്കുന്ന വിവരങ്ങൾ പൂർണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും പരാതിയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിച്ചാൽ വിവരങ്ങൾ കൈമാറുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു.