ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിന്റെ ഭാഗമായി, സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അഖണ്ഡ ജപമാല സമര്‍പ്പണം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ വെച്ച് ഒരുക്കുന്നു. ഒക്ടോബര്‍ 7 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജപമാല, ഒക്ടോബര്‍ 8 ന് രാവിലെ 9 മണിക്ക് സമാപിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ പ്രാര്‍ത്ഥന നയിക്കും. ലണ്ടനിലെ സെന്റ് മോണിക്കാ മിഷന്‍, ഹോണ്‍ചര്‍ച്ചാണ് അഖണ്ഡ ജപമാലക്ക് ആതിഥേയത്വം വഹിക്കുന്നത്.

To advertise here,

1571-ല്‍ ലെപാന്റോ യുദ്ധത്തിലെ അത്ഭുതകരമായ ക്രിസ്തീയ വിജയം ആഘോഷിക്കുന്നതിനായി വിശുദ്ധ പയസ് അഞ്ചാമന്‍ മാര്‍പ്പാപ്പയാണ് ഒക്ടോബര്‍ മാസം ജപമാല മാസമായി ആചരിക്കുന്നത്തിനു തുടക്കമിട്ടത്.

ആഗോള കത്തോലിക്കാ സഭക്കും, ലോക സമാധാനത്തിനും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ നടത്തുന്ന ഈ അഖണ്ഡ ജപമാലയില്‍, വിവിധ കുടുംബ യൂണിറ്റുകളും, ഭക്ത സംഘടനകളും പങ്കാളികളാകും. രൂപതയുടെ നാനാഭാഗങ്ങളിലും ജപമാല വണക്കത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹോണ്‍ചര്‍ച്ചില്‍ അഖണ്ഡ ജപമാലയും ഒരുക്കുന്നത്.

ഹോണ്‍ചര്‍ച്ചിനു സമീപ സ്ഥലങ്ങളിലുള്ള ഏവരെയും സ്‌നേഹപൂര്‍വ്വം അഖണ്ഡ ജപമാലയുടെ ഭാഗമാകുവാന്‍ സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ