കൊച്ചി: ഖത്തറിൽനിന്ന് ഒരാഴ്ചത്തെ വിനോദയാത്രയ്ക്കായിരുന്നു സംഘം പുറപ്പെട്ടതെന്ന് കെനിയയിൽ വാഹനാപകടത്തിൽ മരിച്ച ഗീതാ ഷോജിയുടെ മകൻ. സംഭവസ്ഥലത്ത് വെച്ചുതന്നെ അമ്മ മരിച്ചുവെന്നും എന്നാൽ വിവരം അറിഞ്ഞത് രണ്ട് മണിക്കൂർ മുമ്പ് മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

To advertise here,

'ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടായിരുന്നു അപകടം. 35-ഓളം ആളുകളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ആംബുലൻസുകളെത്തി വിവിധ ആശുപത്രികളിലേക്ക് യാത്രക്കാരെ മാറ്റി. എന്റെ അമ്മയും അച്ഛനും സഹോദരനും ബസിൽ ഉണ്ടായിരുന്നു. കെനിയയിലേക്ക് ഒരാഴ്ചത്തെ സഫാരി ട്രിപ്പിന് പോയതായിരുന്നു അവർ. ഏതൊക്കെ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് എംബസിയിൽനിന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ, മമ്മിയുടെ കാര്യം അവർ ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. നോക്കിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു അവർ പറഞ്ഞത്. 12 മണിക്കൂറോളം അങ്ങനെത്തന്നെ ആയിരുന്നു അവർ പറഞ്ഞത്. എന്നാൽ, സംഭവസ്ഥലത്തുതന്നെ അമ്മ മരിച്ചിരുന്നു. അത് അവർക്ക് അറിയാമായിരുന്നു, അത് പറയാതിരിക്കുകയായിരുന്നു. രണ്ട് മണിക്കൂർ മുമ്പാണ് ഇക്കാര്യം അറിയുന്നത്. അച്ഛനും സഹോദരനും പരിക്കേറ്റിട്ടുണ്ട്. സഹോദരന് ശസ്ത്രക്രിയ വേണം. അത് ഇന്ത്യയിലോ ഖത്തറിലോ എത്തിയിട്ടേ ചെയ്യാൻ സാധിക്കൂ. പുറംവേദന കാരണം പിതാവിന് നടക്കാൻ പറ്റുന്ന സാഹചര്യമല്ല. അമ്മയുടെ മൃതദേഹം എയർലിഫ്റ്റ് ചെയ്ത് നെയ്റോബിയിൽ എത്തിച്ചിട്ടുണ്ട്', ഗീതാ ഷോജിയുടെ മകൻ പറഞ്ഞു. 

ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേരാണ് മരിച്ചത്. പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നിലഗുരുതരമെന്ന് വിവരം.

റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവരിൽ 14 പേർ മലയാളികളെന്നാണ് സൂചന. ഈദ് അവധിയോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് ടൂർ സംഘമാണ് അപകടത്തിൽ പെട്ടത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമായതാണ് അപകടകാരണമെന്നും പലതവണ ബസ് തകിടംമറിഞ്ഞെന്നും ദൃക്സാക്ഷികൾ പറഞ്ഞു.