
നയ്‌റോബി: കെനിയയില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് അഞ്ച് മലയാളികളടക്കം ആറുപേര്‍ക്ക്. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
കെനിയയിലെ ന്യാന്‍ധരുവയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയില്‍ തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍, കനത്ത മഴയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ ആറുപേര്‍ തല്‍ക്ഷണം മരിച്ചതായാണ് കെനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്‌ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കനത്ത മഴ ആരംഭിച്ചതിന് പിന്നാലെയാണ് ബസിന്റെ നിയന്ത്രണം നഷ്ടമായതെന്നായിരുന്നു ഒരു ദൃക്‌സാക്ഷിയുടെ പ്രതികരണം. കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. നിയന്ത്രണംവിട്ട ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്ക് പതിച്ചത്. ഇതിനിടെ, ബസിന്റെ മേല്‍ക്കൂര തെറിച്ചുപോയതായും താഴെയുള്ള ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലാണ് ബസ് മറിഞ്ഞുവീണതെന്നും കെനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുണ്ട്. അപകടകാരണം കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ മരിച്ച മലയാളികള്‍
പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ(41), മകള്‍ ഡെയ്‌റ(ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ ജസ്‌ന കുറ്റിക്കാട്ടുചാലില്‍(29), മകള്‍ റൂഫി മെഹ്‌റിന്‍ (ഒന്നരമാസം).
റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവരുള്‍പ്പെടെ പരിക്കേറ്റവരില്‍ 14 പേരും മലയാളികളാണെന്നാണ് വിവരം.
Content Highlights: A bus carrying Indian tourists crashed in Kenya, killing 6 including 5 Malayalees and injuring 27.
Published: 10 Jun 2025, 06:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented