മസ്‌കറ്റ്: ഒമാനിൽ ലോക പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് ഒരുക്കിയ സൗജന്യ ബസ് യാത്ര ആസ്വദിച്ച് സ്വദേശികളും പ്രവാസികളുമുൾപ്പെടെയുള്ളവർ. രാജ്യത്തെ ദേശീയ പൊതുഗതാഗത കമ്പനിയായ മൂവസലാത്ത് ആണ് മസ്‌കറ്റ് സലാല നഗരങ്ങൾക്കകത്ത് വെള്ളിയാഴ്ച സൗജന്യ യാത്ര ഒരുക്കിയത്.

To advertise here,

'നിങ്ങളുടെ കാർ വീട്ടിൽ വെച്ചിട്ട് ഒരു പുതിയ അനുഭവം ആസ്വദിക്കൂ' എന്ന സന്ദേശവുമായാണ് സൗജന്യ ബസ് യാത്രാ പദ്ധതി ആവിഷ്‌കരിച്ചത്. പൊതുഗതാഗത ദിനത്തിന്റെ ഭാഗമായി നടപ്പിലാക്കിയ സൗജന്യ യാത്ര പദ്ധതി പ്രകാരം വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിവരെ വിമാനത്താവളത്തിലേക്കടക്കം സൗജന്യ യാത്രയാണ് മുവാസലാത്ത് ബസുകളിൽ അനുവദിച്ചത്. മസ്‌കറ്റ് സലാല നഗര സർവീസുകളിൽ എവിടെവേണമെങ്കിലും എത്ര തവണ വേണമെങ്കിലും സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ചിരുന്നു. മത്ര തീര പ്രദേശത്തുനിന്ന് നാഷണൽ മ്യൂസിയം വരെ വൈകീട്ട് നാല് മുതൽ എട്ടു വരെ ഓപ്പൺ ടോപ്പ് സവാരിയും സൗജന്യമായിരുന്നു. മലയാളികൾ അടക്കം പലരും കുടുംബസമേതമാണ് യാത്ര ആസ്വദിക്കാൻ എത്തിയത് ഇതിൽ തന്നെ പലർക്കും മസ്‌കറ്റിലെ ആദ്യ ബസ് യാത്ര അനുഭവം ആയിരുന്നു.

മസ്‌കറ്റ് നഗരത്തിന്റെ വേറിട്ടൊരു സൗന്ദര്യമാണ് ബസ് യാത്രയിലൂടെ ആസ്വദിക്കാൻ സാധിച്ചത് എന്നും ഭാവിയിൽ ബസ് യാത്ര കൂടുതൽ ഉപയോഗിക്കുമെന്നും യാത്രക്കാർ പറഞ്ഞു. എയർപോർട്ടിലേക്ക് അടക്കം ബസ് സർവീസ് ഉപയോഗിക്കുമെന്നും യാത്രക്കാർ പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിൽ മുവാസലാത്ത് ഇലക്ട്രിക്ക് ബസ്സുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് ബസിലും സൗജന്യ യാത്ര അനുവദിച്ചിരുന്നു. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സൗഹൃദ യാത്രയിലേക്ക് ശ്രദ്ധ തിരിക്കാനും ലക്ഷ്യമിട്ടുള്ള ഈ സംരംഭം വലിയ വിജമായതിൽ അധികൃതരും സംതൃപ്തി അറിയിച്ചു.