മസ്‌കറ്റ്: ഒമാനിലെ ദാര്‍സൈറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. മെയ് ഒന്ന് വരെ ക്ലാസുകള്‍ ഓണ്‍ ലൈന്‍ വഴി തുടരുമെന്ന് പ്രിന്‍സിപ്പാള്‍ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയം സെന്റര്‍ ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ വിഭാഗത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

പന്ത്രണ്ട് വരെയുള്ള മുഴുവന്‍ ക്ലാസുകളിലും പഠനം ഓണ്‍ ലൈന്‍ വഴിയാണ് നടക്കുക. അതേസമയം ചിക്കന്‍പോക്‌സ് ബാധിച്ചവര്‍, ലക്ഷണങ്ങള്‍ ഉള്ളവരെയും അവരുടെ സഹോദരങ്ങളെയും റഗുലര്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുന്ന ദിവസങ്ങളിലും സ്‌കൂളിലേക്ക് അയക്കരുതെന്നും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും, അല്ലാത്തവര്‍ക്ക് ക്ലാസുകളിലോ കാമ്പസിലോ പ്രവേശനം അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.

അസുഖം ബാധിച്ച വിദ്യാര്‍ഥികളുടെ വിവരം ക്ലാസ് അധ്യാപകരെ രക്ഷിതാക്കള്‍ അറിയിക്കണം. കുട്ടികള്‍ക്ക് ആവശ്യമായ ആരോഗ്യ പരിചരണം ഉറപ്പുവരുത്തണമെന്നും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.