കോഴിക്കോട്: സൂര്യതാപവും പാമ്പുംമാത്രമല്ല, ചൂടുകാലത്തെ രോഗങ്ങളുടെ കാര്യത്തിലും കരുതൽ വേണം. ജനുവരിമുതൽ ഏപ്രിൽവരെയുള്ള മാസങ്ങളിൽ സംസ്ഥാനത്ത് വയറിളക്കം ബാധിച്ചത് 1,76,053 പേർക്കാണ്. രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഏപ്രിലിൽ മാത്രം 33,148 പേർക്ക് രോഗം വരുകയും ഒരാൾ മരിക്കുകയും ചെയ്തു.
ചിക്കൻപോക്സാണ് കൂടുതൽപ്പേരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. 17,745 പേർക്കാണ് നാലുമാസത്തിനിടെ രോഗം വന്നത്. അതിൽ അഞ്ചുപേർ മരിച്ചു. ഏപ്രിലിൽമാത്രം ഒരാൾ മരിക്കുകയും 3337 പേർക്ക് രോഗം വരികയും ചെയ്തു. ഇതിനുപുറമേ മഞ്ഞപ്പിത്തവും പല ഭാഗങ്ങളിലുമുണ്ട്. ഈ വർഷം 2336 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും അതിൽ 15 പേർ മരിക്കുകയുംചെയ്തു. മഞ്ഞപ്പിത്തം സംശയിക്കുന്ന 3494 പേരിൽ മൂന്നുപേരും മരിച്ചു.
ഡെങ്കിപ്പനി ബാധിച്ച 1395 പേരിൽ 10 പേർ മരിച്ചു. ഡെങ്കി സംശയിക്കുന്ന 3457 പേരും ചികിത്സതേടി. എലിപ്പനി സ്ഥിരീകരിച്ച 477 പേരിൽ 10 പേർ മരിച്ചു. ജനുവരി മുതൽ ജൂൺവരെയുള്ള സമയത്താണ് ചിക്കൻപോക്സ് പടരുന്നതെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം പറഞ്ഞു. വെള്ളത്തിന്റെ പ്രശ്നങ്ങൾകൊണ്ടാണ് വയറിളക്കം, മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങൾ വരുന്നതെന്നും അതുകൊണ്ടുതന്നെ തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കണമെന്നും അധികൃതർ പറഞ്ഞു.
സൂര്യതാപം
രാവിലെ 11 മുതൽ മൂന്നുവരെ വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ടെങ്കിലും പലപ്പോഴും അത് പറ്റില്ല. പ്രായമായവരും കുഞ്ഞുങ്ങളും രോഗപ്രതിരോധശേഷി കുറവുള്ളവരുമെല്ലാം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
നന്നായി വെള്ളംകുടിക്കാൻ പ്രത്യേക ശ്രദ്ധവേണം. ബി.പി. കുറവുപോലുള്ള പ്രശ്നമുള്ളവരാണെങ്കിൽ ഉപ്പിട്ട വെള്ളം കൈയിൽ കരുതുന്നത് നല്ലതാണ്. ഉപ്പും മധുരവും ചേർന്ന വെള്ളമാണ് കൂടുതൽ നല്ലതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഒ.ആർ.എസ്. ഉപയോഗിക്കാം.
വെള്ളം ശ്രദ്ധിക്കണം
- കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. അതിന് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.
- പാകംചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ കഴുകുക.
- പലപ്പോഴും ശുദ്ധമല്ലാത്ത വെള്ളത്തിലുണ്ടാക്കുന്ന ഐസ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
- ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്കരിക്കുക
- കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
- കിണറുകളും വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന ടാങ്കുകളും 1000 ലിറ്ററിന് 2.5 ഗ്രാം എന്ന അളവിൽ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം.
Content Highlights: Over 1.76 lakh diarrhea cases reported between January and April 2026., Critical surge in chickenpox, jaundice, dengue, and leptospirosis cases.,
Published: 29 Apr 2026, 02:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented