മലപ്പുറം: ചൂടിന് തീക്ഷ്ണത കൂടുന്നതിനനുസരിച്ച് ചിക്കൻപോക്‌സ് വ്യാപനവുമുണ്ടാകുന്നു. മലപ്പുറം ജില്ലയിൽ ഈ മാസം വിവിധ ആശുപത്രികളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾതന്നെ 669 ആണ്. ജനുവരിയിൽ ഇത് 802 ആണ്. ഗുരുതരസ്വഭാവമുള്ള രോഗമല്ലാത്തതിനാൽ പലതും രജിസ്റ്റർ ചെയ്യാറില്ല. അതുകൊണ്ടുതന്നെ കണക്കിലുള്ളതിനേക്കാൾ എത്രയോ കൂടുതൽ രോഗികൾ ഉണ്ടാകും.
ചൂടുകാലം തുടങ്ങുമ്പോഴാണ് ചിക്കൻപോക്സ് പടരുന്നത്. ‘വാരിസെല്ല സോസ്റ്റർ’ എന്ന വൈറസാണ് രോഗകാരി. വൈറസിന് പെറ്റുപെരുകാൻ അനുകൂലമായ കാലാവസ്ഥയാണിത്. പൊതുവേ ചിക്കൻപോക്സ് അപകടകാരിയല്ല. ഒരുതവണ വന്നാൽ ആ വൈറസിനെതിരേ ആജീവനാന്ത പ്രതിരോധം ശരീരത്തിലുണ്ടാക്കും. എന്നാൽ അപൂർവമായി ഒന്നിൽക്കൂടുതൽ തവണ രോഗം വരാറുണ്ട്.
രോഗം പകരുന്നത്..
രോഗി തുമ്മുകയോ ചുമയ്ക്കുകയോ മൂക്ക് ചീറ്റുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ പുറത്തേക്ക് പടരും. രോഗി സ്പർശിച്ചിടത്ത് സ്പർശിച്ചാലും മതി. വായുവിലൂടെയും രോഗാണു പകരാറുണ്ട്. അതിവേഗംപകരുന്ന വൈറസാണിത്. അതുകൊണ്ടുതന്നെ രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം.
രോഗലക്ഷണങ്ങൾ
പനി, തലവേദന, തൊണ്ടവേദന, ശരീരവേദന എന്നിവയാണ് പ്രാഥമികലക്ഷണങ്ങൾ. വൈകാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുമിളകൾ പ്രത്യക്ഷപ്പെടും. പലപ്പോഴും അപ്പോഴാണ് രോഗം തിരിച്ചറിയുന്നത്. പെട്ടെന്നുതന്നെ ചികിത്സതേടിയാൽ സങ്കീർണത ഒഴിവാക്കാം. കുമിളകൾ ഉണങ്ങാൻ 10 ദിവസം വരെ എടുക്കാറുണ്ട്.
വാക്സിൻ നൽകാം..
ചിക്കൻപോക്സ് വരാതിരിക്കാൻ വാരിസെല്ല വാക്സിൻ ലഭ്യമാണ്. നാലാഴ്ചത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്സിനാണ് നൽകുക.
ആരോഗ്യപ്രശ്നങ്ങളുള്ളവർ ചിക്കൻപോക്സിനെ പ്രതിരോധിക്കാൻ വാക്സിൻ എടുക്കുന്നത് നല്ലതാണ്.
ശ്രദ്ധയാണ് പ്രധാനം
രോഗംബാധിച്ചവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയാണ് വേണ്ടത്. കുമിളകൾ ഉണങ്ങിപ്പോകുന്നതുവരെ രോഗംപകരാൻ സാധ്യതയുണ്ട്. അപൂർവമായി ചിക്കൻപോക്സ് ന്യുമോണിയ ആയി മാറിയേക്കാം. ചിക്കൻപോക്സ് വന്നവർക്ക് ഏതുഭക്ഷണവും കഴിക്കാം.
ഡോ. സി. ഷുബിൻ
ഡെപ്യൂട്ടി ഡിഎംഒ, മലപ്പുറം
Content Highlights: Malappuram sees a rise in Chickenpox cases. Learn about symptoms, transmission, and prevention including vaccination.
Published: 20 Feb 2026, 02:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented