മസ്കറ്റ് : കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒമാന്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റും ഓണം 2026 ആഘോഷവും റൂവി റെക്സ് റോഡിലെ ഗാലക്സി ഗ്രാൻഡ് ഹാളിൽ സംഘടിപ്പിച്ചു. കോട്ടയം ജില്ലയിൽ നിന്നുള്ള പ്രവാസികളും കുടുംബാംഗങ്ങളുമടക്കം ഇരുന്നൂറോളം പേർ ആഘോഷത്തിൽ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷപ്രസംഗം നടത്തി.

To advertise here,

ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം ഡോ. കിരൺ ജി.ആർ. മുഖ്യാതിഥിയായി പങ്കെടുത്ത് ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ചും ഇത്തരം ആഘോഷങ്ങൾ പ്രവാസികൾക്കിടയിൽ വളർത്തുന്ന ഐക്യവും സൗഹൃദവും കൂട്ടായ്മയും സംബന്ധിച്ച് സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളംവിഭാഗം കൺവീനർ താജ് മാവേലിക്കര, ലോകകേരള സഭാംഗം വിൽസൺ ജോർജ്, പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മാ പ്രസിഡണ്ട് ശ്രീകുമാർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, ഗാനാലാപനം, തിരുവാതിര എന്നിവ അരങ്ങേറി. കുട്ടികൾക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

രാവിലെ ആരംഭിച്ച് ഉച്ചവരെ നീണ്ടുനിന്ന പരിപാടികൾ പ്രവാസി കുടുംബങ്ങൾക്ക് ഒത്തുചേരാനും സൗഹൃദം പുതുക്കാനും സന്തോഷം പങ്കിടാനുമുള്ള വേദിയായി. പരിപാടിയ്ക്കായി അസോസിയേഷനിലെ ആദ്യകാല മുതിർന്ന അംഗം പി കെ ശശി ആശംസകൾ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗം ഹരിദാസ് നന്ദിപ്രസംഗം നടത്തി. കുടുംബസൗഹൃദത്തിന്റെയും മലയാളി കൂട്ടായ്മയുടെയും സന്ദേശം പകർന്നുനൽകിയ ആഘോഷം പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി. അപർണ അവതരണവും എക്സിക്യൂട്ടീവ് അംഗങ്ങൾയായ ജയൻ, ജാൻസ്, പ്രിയരാജ്‌, സലിം, രാകേഷ്, കോശി, സുരേഷ്, ഡിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി