മസ്‌കറ്റ്: ഒമാനിൽ തൊഴിൽ കരാറിൽ പറയുന്നതല്ലാത്ത മറ്റു ചുമതലകൾ നിർബന്ധിച്ച് ചെയ്യിപ്പിച്ചാൽ തൊഴിലാളികൾക്ക് നിയമപരമായ അവകാശങ്ങൾ ഉന്നയിക്കാമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് വ്യക്തമാക്കി. തൊഴിൽ സംബന്ധമായ പരാതികൾ അധികൃതരുടെ പരിഗണനയിലിരിക്കുമ്പോൾ തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിൽക്കരുതെന്നും ഫെഡറേഷൻ പറഞ്ഞു.

To advertise here,

തൊഴിലാളിയുടെ ചുമതലകളും ജോലിയുടെ സ്വഭാവവും തൊഴിൽ കരാറിൽ കൃത്യമായി രേഖപ്പെടുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് വ്യക്തമാക്കി. തൊഴിൽ കരാറിൽ വ്യക്തമാക്കിയിട്ടില്ലാത്ത ജോലികൾ ഏൽപ്പിച്ചാൽ പരാതി നൽകാനും നിയമപരമായ അവകാശങ്ങൾ ഉന്നയിക്കാനും തൊഴിലാളികൾക്ക് അവകാശമുണ്ട്. അതേസമയം, തൊഴിൽ സംബന്ധമായ പരാതികൾ അധികൃതരുടെ പരിഗണനയിലിരിക്കുമ്പോഴും തൊഴിലാളികൾ ജോലിക്ക് ഹാജരാകണമെന്നും ഫെഡറേഷൻ ഓർമിപ്പിച്ചു.

തങ്ങളുടെ ചുമതലകൾ നിർവഹിച്ചുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഫെഡറേഷൻ തൊഴിലാളികൾക്ക് നൽകുന്ന ഉപദേശം. ആറുമാസത്തെ പരിശീലനത്തിന് ശേഷം ജോലിയിൽ പ്രവേശിച്ച ചില തൊഴിലാളികൾക്ക്, കരാറിലും പരിശീലനത്തിലും പറഞ്ഞിട്ടില്ലാത്ത വ്യത്യസ്ത ചുമതലകൾ നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫെഡറേഷന്റെ ഇടപെടൽ. തൊഴിലാളിയുടെ സമ്മതത്തോടെയോ, നിയമം അനുവദിക്കുന്ന പ്രത്യേക സാഹചര്യങ്ങളിലോ മാത്രമേ കരാറിൽ ഉള്ളതിൽനിന്ന് വ്യത്യസ്തമായ ജോലികൾ ഏൽപ്പിക്കാൻ പാടുള്ളൂ എന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.