മസ്‌കറ്റ്: പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി. ഏജൻസികളുടെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുക, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽ ക്ഷേമ വിഭാഗം മന്ത്രാലയ ഉപദേഷ്ടാവ് ഡോ. സെയ്ഫ് ബിൻ മുഹമ്മദ് അൽ-ബുസൈദി, ഈ പുതിയ നിബന്ധനകൾ പ്രവാസി റിക്രൂട്ട്‌മെന്റ് മേഖലയെ കൂടുതൽ വികസിപ്പിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ഏജൻസികളുടെ വിശ്വസനീയത ഉറപ്പുവരുത്തുന്നതിനുമുള്ള സുപ്രധാന ഘട്ടമാണെന്ന് വ്യക്തമാക്കി. ഏജൻസികളും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാർ ബന്ധങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഈ നിബന്ധനകൾ സഹായിക്കും. ഏകീകൃത കരാറുകൾ, നിർദ്ദിഷ്ട ഫോമുകൾ, സമയപരിധികൾ, റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ, സാമ്പത്തിക ഗ്യാരന്റി, തർക്ക പരിഹാര സംവിധാനങ്ങൾ എന്നിവയിലൂടെ അവകാശങ്ങളും ബാധ്യതകളും കൂടുതൽ വ്യക്തമായി നിർവ്വചിക്കപ്പെടുകയാണ്. ക്രമരഹിതമായ പ്രവർത്തനങ്ങൾ തടയുന്നതിനും എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ, റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ മേലുള്ള നിരീക്ഷണം ശക്തിപ്പെടുത്താനും പ്രൊഫഷണലിസം മെച്ചപ്പെടുത്താനും ഈ നിയമങ്ങൾ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച്, തൊഴിൽ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമേ ഇനി പ്രവാസി റിക്രൂട്ട്‌മെന്റ് നടത്താൻ അനുമതിയുണ്ടാകൂ. സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ബന്ധങ്ങൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനുമായി അംഗീകൃത ഏജൻസികളുടെ ഒരു പ്രത്യേക രജിസ്റ്റർ സൂക്ഷിക്കും. ലൈസൻസ് ലഭിക്കുന്നതിനായി സ്ഥാപനത്തിന്റെ ഉടമയും പങ്കാളികളും അംഗീകൃത ഒപ്പുകാരും ഒമാനി പൗരന്മാരായിരിക്കണം. ഉടമയോ ഒരു പങ്കാളിയോ ബിസിനസ്സ് നടത്തിപ്പിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്നയാളും, തൊഴിൽ മന്ത്രാലയത്തിൽ എംപ്ലോയറായി രജിസ്റ്റർ ചെയ്തയാളും, ചെറുകിട ഇടത്തരം സംരംഭ വികസന അതോറിറ്റിയിൽ (Riyada) രജിസ്റ്റർ ചെയ്തയാളുമായിരിക്കണം. കൂടാതെ അപേക്ഷകർ മന്ത്രാലയത്തിൽ 5,000 ഒമാനി റിയാൽ സാമ്പത്തിക ഗ്യാരണ്ടിയായി നിക്ഷേപിക്കുകയും വേണം. കരാർ ലംഘനങ്ങൾ ഉണ്ടായാൽ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഈ തുക സഹായിക്കും.
ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഓഫീസും തൊഴിലാളികൾക്ക് താമസസൗകര്യവും ഉറപ്പാക്കേണ്ടതുണ്ട്. തൊഴിലുടമകൾക്കായി, മന്ത്രാലയം അംഗീകരിച്ച ഏകീകൃത റിക്രൂട്ട്‌മെന്റ് കരാറുകൾ ഉപയോഗിക്കണം. സേവനങ്ങൾക്കായി രണ്ടു വർഷത്തെ ഗ്യാരന്റിയും റിക്രൂട്ട്‌മെന്റ് പൂർത്തിയാക്കാൻ പരമാവധി 45 ദിവസത്തെ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. തൊഴിലാളികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്നത് ഏജൻസികൾക്ക് കർശനമായി നിരോധിച്ചിരിക്കുന്നു. തൊഴിലാളികൾ തങ്ങുന്ന സമയത്ത് അവർക്ക് ആവശ്യമായ താമസവും പരിചരണവും നൽകുകയും, റിക്രൂട്ട്‌മെന്റിന് മുമ്പ് ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന ഓഫർ ലെറ്റർ നൽകുകയും വേണം. കൂടാതെ പ്രവാസി തൊഴിലാളികളെ പരസ്യപ്പെടുത്തുന്നതിനോ അവരുടെ സേവനങ്ങൾ പൊതുവായി വാഗ്ദാനം ചെയ്യുന്നതിനോ ലൈസൻസുള്ള ഏജൻസികൾക്ക് വിലക്കുണ്ട്.
തൊഴിൽ ബന്ധങ്ങളിലുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രാലയത്തെ സമീപിക്കാൻ സാധിക്കുന്ന പ്രത്യേക സംവിധാനങ്ങൾ പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതികൾ പരിഹരിക്കുന്നതിനുള്ള സമയപരിധികളും സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കുന്നതിനുള്ള നടപടികളും നിശ്ചയിച്ചിട്ടുണ്ട്. ലൈസൻസുള്ള ഏജൻസികളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തുകയും നിയമലംഘനങ്ങൾക്കെതിരെ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ബിസിനസ്സ് പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനായുള്ള ഇളവുകളും ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ ലൈസൻസ് ഫീസ് 300 ഒമാനി റിയാലായി കുറയ്ക്കുകയും താൽക്കാലിക ലൈസൻസുകളുടെ എണ്ണം 25 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് ലഭിച്ച് ഒരു വർഷത്തിന് ശേഷം ഏജൻസികൾക്ക് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ അനുമതിയുണ്ടാകും. ഓരോ പുതിയ ബ്രാഞ്ചിന്റെയും നടത്തിപ്പ് ഒരു ഒമാനി പൗരനായിരിക്കണം നിർവ്വഹിക്കേണ്ടത്. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി അപേക്ഷകൾ മന്ത്രാലയത്തിന്റെ പ്രാദേശിക ഡയറക്ടറേറ്റുകൾ വഴിയും തൊഴിൽ വകുപ്പുകൾ വഴിയും സ്വീകരിക്കും. തൊഴിൽ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാനും റിക്രൂട്ട്‌മെന്റ് സേവനങ്ങളിൽ കൂടുതൽ കണിശത കൈവരിക്കാനുമാണ് ഈ നടപടികൾ വഴി ലക്ഷ്യമിടുന്നത്.
Content Highlights: oman news
Published: 12 Oct 2026, 12:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented