
സുഹാർ: ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനും വിദ്യാർഥികളിലും യുവജനങ്ങളിലും ആത്മവിശ്വാസം വളർത്തുന്നതിനുമായി സുഹാർ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ‘മികവ് 2026’ വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങ് സുഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ചു.
മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ പന്തല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിം ലീഗ് നേതാക്കൾ നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. പ്രത്യേകിച്ച്, വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിന്നിരുന്ന ന്യൂനപക്ഷ സമൂഹങ്ങളെ വിദ്യാഭ്യാസത്തിലൂടെ മുന്നേറാൻ പ്രോത്സാഹിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ സംഭാവനകൾ അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും സി.എച്ച്. മുഹമ്മദ് കോയ നൽകിയ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
സുഹാർ കെഎംസിസി പ്രസിഡന്റ് ബാവ ഹാജി അൽ ജസീറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുറഹിമാൻ, ഷബീറലി മാസ്റ്റർ, പി.ടി.പി. ഹാരിസ്, മഹ്മൂദ് സി.എച്ച്, മുസ്തഫ മുഴപ്പിലങ്ങാട് എന്നിവർ ആശംസകൾ നേർന്നു. അൽ ജസീറ ഗ്രൂപ്പിൻ്റെ കൂടി സഹകരണത്തോടെ ഉടൻ പുറത്തിറക്കുന്ന ‘ദി ലെഗസി ഓഫ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ’ എന്ന പുസ്തക പരിചയവും ലഘുപുസ്തകത്തിന്റെ വിതരണവും ബാവ ഹാജി അൽ ജസീറ നിർവഹിച്ചു.
തുടർന്ന് ദുബായിൽ നിന്നുള്ള പ്രമുഖ മൈൻഡ് പവർ ട്രെയിനറും ലൈഫ് ട്രാൻസ്ഫർമേഷണൽ കോച്ചുമായ മുഹമ്മദ് ഷാജി മോട്ടിവേഷൻ സെഷൻ നയിച്ചു. ജീവിതത്തിലെ ഭയങ്ങളും പരിമിതികളും മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് വ്യക്തമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും സ്വപ്നങ്ങൾ പിന്തുടർന്ന് ജീവിതത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹം സദസ്സിനെ പ്രചോദിപ്പിച്ചു.
സുഹാർ കെഎംസിസി ജനറൽ സെക്രട്ടറി റയീസ് ഇരിക്കൂർ സ്വാഗതവും ട്രഷറർ അഷ്റഫ് മലപ്പുറം നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രവാസി വിദ്യാർഥികളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം വിദ്യാഭ്യാസ മുന്നേറ്റത്തിന് പ്രചോദനം പകരാനും വിദ്യാർഥികളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Content Highlights: oman news
Published: 12 Oct 2026, 12:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented