റിയാദ്: സൗദി അറേബ്യയുടെ ദേശീയ സുരക്ഷ, പ്രാദേശിക അഖണ്ഡത, പ്രകൃതി വിഭവങ്ങൾ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ഗൾഫ് രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളെയോ സുപ്രധാന താൽപര്യങ്ങളെയോ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

To advertise here,

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഫൈസൽ രാജകുമാരൻ. ഗൾഫ് സഹകരണ കൗൺസിലിലെ (GCC) ആറ് രാജ്യങ്ങളും തങ്ങളുടെ “ഭൂപ്രദേശങ്ങൾ, സ്ഥാപനങ്ങൾ, സുപ്രധാന താൽപര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണത്തെയും ശക്തമായി എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങൾക്ക് എന്ത് കാരണങ്ങളോ പേരുകളോ നൽകുന്നുവെന്നത് പരിഗണിക്കാതെ തന്നെ ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ശനിയാഴ്ച യമനിലെ ഹൂതി വിഭാഗം തൊടുത്തുവിട്ട പ്രൊജക്ടൈൽ സൗദിയുടെ തെക്കൻ മേഖലയായ ജിസാനിൽ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഒരു പള്ളിക്കും നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞയാഴ്ച ഇറാഖിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകൾ സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈനിനുനേരെയും ആക്രമണം നടത്തിയിരുന്നു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടരുതെന്നും ഫൈസൽ രാജകുമാരൻ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കും മറ്റ് സമുദ്രപാതകളും വഴിയുള്ള സ്വതന്ത്ര നാവിഗേഷൻ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രപാതകളുടെ സ്ഥിരത ഊർജസുരക്ഷയുമായും അന്താരാഷ്ട്ര വ്യാപാര പ്രവാഹങ്ങളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഗതാഗതത്തിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ മേഖലയിൽ മാത്രം ഒതുങ്ങില്ല. ആഗോള വിപണികളെയും വിതരണ ശൃംഖലകളെയും സാമ്പത്തിക വളർച്ചയെയും ഇത് ബാധിക്കുമെന്നും ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.

എണ്ണ വിതരണത്തിലെ തടസ്സങ്ങളും കപ്പൽ ഗതാഗതത്തിന് നേരെയുള്ള വർധിച്ചുവരുന്ന ഭീഷണികളും പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഊർജസുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്ന നിലയിൽ തുടരണമെന്ന് ഗൾഫ് രാജ്യങ്ങൾ നേരത്തെയും ആവശ്യപ്പെട്ടിരുന്നു.

കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നിയന്ത്രണങ്ങളോ അധിക ഫീസുകളോ ഏകപക്ഷീയമായ ക്രമീകരണങ്ങളോ ഏർപ്പെടുത്തുന്നതിനെയും GCC രാജ്യങ്ങൾ എതിർത്തിട്ടുണ്ട്.

രണ്ടുദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ പശ്ചിമേഷ്യയിലെ സംഘർഷവും അതിന്റെ ആഗോള ഊർജ-വ്യാപാര മേഖലയിലെ പ്രത്യാഘാതങ്ങളുമാണ് പ്രധാന ചർച്ചാവിഷയമായത്.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവ്യാപനത്തിൽ “ആഴത്തിലുള്ള ആശങ്ക” രേഖപ്പെടുത്തിയ ബ്രിക്സ് നേതാക്കൾ ശനിയാഴ്ച പരമാവധി സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.