മസ്‌കറ്റ്: ഒമാനിലെ വിവിധ വൈദ്യുതി വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അക്രമവും മോഷണവും നടത്തിയ സംഭവത്തിൽ ഏഴുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യുതി വിതരണ സ്റ്റേഷനുകൾ തകർത്ത് നടത്തിയ മോഷണങ്ങൾ പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങാൻ കാരണമായതായി അധികൃതർ അറിയിച്ചു.

To advertise here,

വടക്കൻ അൽ- ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. വിവിധ ഭാഗങ്ങളിലായി വൈദ്യുതി വിതരണ കേന്ദ്രങ്ങളിൽ നടന്ന 18 വ്യത്യസ്ത മോഷണങ്ങളിലും നശീകരണ പ്രവർത്തനങ്ങളിലും ഇവർക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കി. പിടിയിലായവർക്ക് മുൻകാല കുറ്റകൃത്യങ്ങളിൽ പങ്കുള്ളതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികളുടെ നേതൃത്വത്തിൽ സ്റ്റേഷനുകളിൽ നടത്തിയ കവർച്ചയും അക്രമങ്ങളും വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ രീതിയിൽ കേടുപാടുകൾ വരുത്തിയിരുന്നു. ഇത് ചില പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി വലിയ തോതിൽ വൈദ്യുതി തടസ്സപ്പെടുന്നതിനും കാരണമായി.

സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർക്കെതിരെയുള്ള തുടർനിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.