ന്യൂഡൽഹി: തൊഴിൽ നിയമങ്ങൾക്ക് പകരമായി കേന്ദ്രം കൊണ്ടുവന്ന തൊഴിൽ കോഡുകൾ നടപ്പായതോടെ ഇ.എസ്.ഐ. കോർപ്പറേഷന്റെ വരുമാനം ആദ്യമായി ഇടിഞ്ഞു.

To advertise here,

മുൻവർഷത്തെക്കാൾ ആയിരം കോടിയും രണ്ടായിരം കോടിയുമെല്ലാം വരുമാന വർധനയുണ്ടാകാറുള്ള ഇ.എസ്.ഐ.ക്ക് 2026-ൽ ഇത് കൂടിയില്ലെന്നുമാത്രമല്ല, 50 കോടിയുടെ കുറവുമുണ്ടായി. സാമൂഹികസുരക്ഷാ കോഡ് വന്നതോടെ ഇ.എസ്.ഐ. വിഹിതത്തിന് അടിസ്ഥാനമാക്കുന്ന വേതനത്തിന്റെ നിർവചനത്തിൽ വന്ന മാറ്റമാണ് തിരിച്ചടിയായത്. ഇതോടെ, ഇ.എസ്.ഐ. അംഗങ്ങളുടെ ചികിത്സാ പരിരക്ഷയും കുറഞ്ഞേക്കുമെന്നാണ് ആശങ്ക.

മാസവേതനം 21,000 രൂപവരെയുള്ള തൊഴിലാളികളാണ് ഇ.എസ്.ഐ. (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) പരിധിയിൽ വരുന്നത്. വേതനത്തിന്റെ നാല് ശതമാനമാണ് (തൊഴിലുടമ 3.25 ശതമാനവും തൊഴിലാളി 0.75 ശതമാനവും) ഇ.എസ്.ഐ.ക്ക് വിഹിതമായി നൽകേണ്ടത്. നേരത്തേ മൊത്തം ശമ്പളമാണ് ഇതിന് കണക്കാക്കിയിരുന്നതെങ്കിൽ 2025 നവംബർ 21-ന് നടപ്പായ സാമൂഹികസുരക്ഷാ കോഡ് പ്രകാരം അടിസ്ഥാന ശമ്പളവും ഡി.എ.യും റീട്ടെയിനിങ് അലവൻസുംമാത്രമേ ഇതിൽ പരിഗണിക്കൂ.

ഇ.എസ്.ഐ. പരിഗണിക്കുന്ന വേതനത്തിൽ കുറവുവരുന്നത് ആനുകൂല്യങ്ങളെയും ബാധിച്ചേക്കും. ജോലിചെയ്യാൻ സാധിക്കാത്തവിധം സ്ഥിരമായോ താത്കാലികമായോ അംഗപരിമിതി സംഭവിക്കൽ, സിക്ക്‌നെസ് ബെനിഫിറ്റ്, പ്രസവാവധി തുടങ്ങി ശമ്പളത്തിന്റെ നിശ്ചിത ശതമാനം തുക നൽകുന്ന ആനുകൂല്യങ്ങളെയാകും മുഖ്യമായും ബാധിക്കുക.

നിർവചനം മാറിയതിന് നേട്ടങ്ങളും:

വേതനത്തിന്റെ നിർവചനം മാറിയതിന് ചില നേട്ടങ്ങളുമുണ്ട്. നേരത്തേ, മൊത്തം ശമ്പളം 21,000 കടന്നാൽ ഇ.എസ്.ഐ.യിൽനിന്ന് പുറത്താകുമായിരുന്നെങ്കിൽ ഇപ്പോഴതില്ല. അടിസ്ഥാന ശമ്പളവും ഡി.എ.യും റീട്ടെയിനിങ് അലവൻസും ചേർന്ന തുക 21,000 കടന്നാൽമാത്രമേ ഇ.എസ്.ഐ.യിൽനിന്ന് പുറത്താകൂ. ഉദാഹരണത്തിന് ആകെ ശമ്പളം 40,000 രൂപയുണ്ടെങ്കിലും മേൽപ്പറഞ്ഞ തുക 21,000-ൽ താഴെയാണെങ്കിൽ ഇ.എസ്.ഐ.യിൽ തുടരാം. ഈ തുക ആകെ വേതനത്തിന്റെ പകുതിയിലേറെ വേണമെന്നുമാത്രമേ തൊഴിൽ കോഡിൽ പറയുന്നൂള്ളൂ.

ഇ.എസ്.ഐ.ക്ക് ലഭിച്ച വേതന വിഹിതം:

2021- 13,787 കോടി 2022- 15,308 കോടി 2023- 17,403 കോടി 2024- 18,315 കോടി 2025- 20,511 കോടി 2026- 20,461 കോടി.