മസ്‌കറ്റ്: ഒമാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സേവ് ഒ.ഐ.സി.സി. ഇനിമുതല്‍ 'ഇന്‍കാസ് ഒമാന്‍' എന്ന പേരില്‍ പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച തീരുമാനം കെ.പി.സി.സിയുടെ ഒമാന്‍ ചുമതലകള്‍ വഹിക്കുന്ന ഭാരവാഹികളെ അറിയിച്ചതായും പ്രസിഡന്റ് അനീഷ് കടവില്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് അനുഭാവമുള്ള സംഘടനായ ഒ.ഐ.സി.സിയുടെ മുന്‍കാല ഭാരവാഹികള്‍ ചേര്‍ന്ന് രൂപംകൊടുത്ത കൂട്ടായ്മയായ സേവ് ഒ.ഐ.സി.സിയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് 'ഇന്‍കാസിലും' ഉള്ളത്.
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇന്‍കാസ് ലോഗോ സീനിയര്‍ നേതാവ് ഹൈദ്രോസ് പതുവന പ്രസിഡന്റ് അനീഷ് കടവിലിന് നല്‍കി പ്രകാശനം ചെയ്തു.
രാജ്യത്തിന്റെ ഭാഗധേയം തന്നെ നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം അവശേഷിക്കുന്ന സമയമായിട്ടും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗം എന്നവകാശപ്പെടുന്ന ഒ.ഐ.സി.സി. യാതൊരുവിധ പ്രവര്‍ത്തനവും നടത്തുന്നില്ല. ഈ സാഹചര്യത്തില്‍ ഒമാനിലെ കോണ്‍ഗ്രസിന്റെ അനുഭാവികളെ മുഴുവന്‍ ഒന്നിച്ചു കൊണ്ടുപോകാനാണ് ഇന്‍കാസ് ഒമാനിന്റെ തീരുമാനം. ഔദ്യോഗിക വിഭാഗത്തിന്റെ നിര്‍ജ്ജീവ അവസ്ഥയില്‍ നീരസം ഉള്ള വിഭാഗം ഇതിനോടകം തങ്ങളെ സമീപിച്ചു. അവരെക്കൂടി ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഓരോ മണ്ഡലവും കേന്ദ്രീകരിച്ചു പ്രവര്‍ത്തനം വിപുലീകരിക്കും. ഇപ്പോള്‍ നാട്ടിലുള്ള പ്രവര്‍ത്തകര്‍ അവരുടെ കുടുംബങ്ങള്‍ എന്നിവരെ പ്രവര്‍ത്തങ്ങളില്‍ സജീവമാകും. ഇപ്പോള്‍ ഒമാനില്‍ ഉള്ള പ്രവര്‍ത്തകരും നാട്ടിലെത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകും. അതോടൊപ്പം മുഴുവന്‍ അനുഭാവികളെയും പ്രത്യേകിച്ച് അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഉള്ളവര്‍ വോട്ടെടുപ്പിന് നാട്ടിലെത്തി വോട്ടെടുപ്പില്‍ പങ്കാളിയാകാനും അവരാല്‍ കഴിയുന്ന മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കണം എന്നും യോഗം തീരുമാനിച്ചു.
ഒമാനിലെ ഔദ്യോഗിക പക്ഷത്ത് നിന്ന് നിരന്തരമായ അവഗണന അനുഭവച്ചിട്ടും അതിനെല്ലാമെതിരെ പ്രതികരിക്കാതിരുന്നത് പാര്‍ട്ടിയെയും മുന്നണിയെയും ദുര്‍ബലപ്പെടുത്തേണ്ട എന്ന് കരുതിയാണ്. എന്നാല്‍ ഇനിയും മിണ്ടാതിരിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്. അതേസമയം ഔദ്യോഗിക പക്ഷം അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്ന പക്ഷം പാര്‍ട്ടിയുടെ നന്മയെ കരുതി അവരുമായി സഹകരിക്കുമെന്നും യോഗം വ്യക്തമാക്കി. നിലവിലെ കമ്മിറ്റി അംഗങ്ങള്‍ തുടരുന്നതോടൊപ്പം തിരഞ്ഞെടുപ്പിന് ശേഷം റീജിയണല്‍ കമ്മിറ്റി പുനഃസംഘടന നടത്തുകയും പൊതുപരിപാടികളും ആസൂത്രണം ചെയ്യുമെന്നും അനീഷ് കടവില്‍ അറിയിച്ചു.
Content Highlights: oman incas oicc split
Published: 01 Apr 2024, 10:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented