ദോഹ: ഖത്തറിലെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍കാസ് യൂത്ത് വിംഗ് - മലപ്പുറം ചാപ്റ്റര്‍ സംഘടിപ്പിച്ച ഇന്റര്‍ - സ്‌കൂള്‍ അത്ലറ്റിക് മീറ്റ് ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (യുഡിഎസ്ടി) കാമ്പസില്‍ നടത്തപ്പെട്ടു. ഖത്തര്‍ സ്പോര്‍ട്സ് ദിനത്തോടനുബന്ധിച്ചായിരുന്നു മീറ്റ് സംഘടിപ്പിച്ചത്. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കായികമേള, വിദ്യാര്‍ത്ഥികളുടെ കായികപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും  സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള വേദിയായി മാറി.

To advertise here,

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐസിസി) ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐഎസ്സി) ജനറല്‍ സെക്രട്ടറി നിഹാദ് അലി തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്‍കാസ് മലപ്പുറം പ്രസിഡന്റ് സന്ദീപ്, ഇന്‍കാസ് മലപ്പുറം ജനറല്‍ സെക്രട്ടറി അഷീഖ്, ഇന്‍കാസ് മലപ്പുറം ട്രഷറര്‍ സിദ്ദീഖ് ചെറുവള്ളൂര്‍, ഐവൈസി ഖത്തര്‍ വൈസ് ചെയര്‍മാന്‍ ഷിഹാബ് നരണിപ്പുഴ, ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് പ്രസിഡന്റ് ദീപക്, ഇന്‍കാസ് മലപ്പുറം യൂത്ത് വിംഗ് ട്രഷറര്‍ ഹാദി എന്നിവര്‍ കായികമേളയ്ക്ക്  നേതൃത്വം വഹിച്ചു.

വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റോടെ ആരംഭിച്ച പരിപാടിയില്‍ ഇന്ത്യന്‍ ജൂനിയര്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം റിയ കുര്യനും ഖത്തര്‍ ജൂനിയര്‍ മാരത്തണ്‍ ജേതാവ് ഇഫ്ര സഫ്രീനും ചേര്‍ന്ന് ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് മലപ്പുറം പ്രസിഡന്റ് ഷറഫുദ്ദീന്‍ എന്‍എംകെ, ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് മലപ്പുറം ജനറല്‍ സെക്രട്ടറി സിജോ നിലമ്പൂര്‍ എന്നിവര്‍ക്ക് ദീപശിഖ കൈമാറി.

മത്സരത്തില്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും  ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍, സംഘാടകര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 1200ല്‍ പരം ആള്‍ക്കാര്‍ കാണികളായി എത്തിയതും, അവരുടെ ആവേശകരമായ പിന്തുണയും പരിപാടിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചു.