മസ്‌കറ്റ്: നീണ്ട 50 ദിവസത്തെ ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും നാളുകള്‍ക്ക് വിരാമം കുറിച്ച് ഒമാനിലെ ക്രൈസ്തവ വിശ്വാസികള്‍ ഉയിര്‍പ്പ്‌ തിരുനാള്‍ ആഘോഷിച്ചു. രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ മലയാളികളടക്കം നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഒമാനിലെ ക്രൈസ്തവ വിശ്വാസികളും ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെ ഓര്‍ക്കുകയും ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്തു.

To advertise here,

ഒമാനില്‍ ഞായറാഴ്ച പ്രവര്‍ത്തിദിവസമായതിനാല്‍ ശനിയാഴ്ച തന്നെ പലരും ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഞായറാഴ്ച അവധിയെടുത്തു കുടുംബത്തോടൊപ്പം ആഘോഷിക്കുന്നവരും കുറവല്ല. വിവിധ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റര്‍ ശ്രുശ്രൂക്ഷകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ റൂവി സെന്റ് തോമസ് ദേവാലയത്തില്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറീലോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ്, സഹവികാരി ഫാ. എബി ചാക്കോ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

പുരോഹിതര്‍ വിശ്വാസികള്‍ക്ക് നന്മയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മസ്‌ക്കറ്റ് റൂവി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്ക സഭ വികാരി ഫാ. ഫിലിപ്പ് നെല്ലിവിള നേതൃത്വം നല്‍കി. ഫാ. തോമസ്, ഫാ. ജീബു എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. ക്രിസ്തുവിന്റെ തിരുനാള്‍ ഒരോരുത്തരുടെയും ജീവിതത്തില്‍ ഒരു പുതിയ പ്രകാശം പരത്തട്ടെ എന്ന് ഫാ. ഫിലിപ് നെല്ലിവിള ആശംസിച്ചു. വരുന്ന ഒരാഴ്ചക്കാലം കരുണയുടെ ജപമാല ദിവസങ്ങളായിരിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ഉയര്‍പ്പുതിരുനാളിന്റെ സന്തോഷം കേക്ക് മുറിച്ച് വിശ്വസികള്‍ക്ക് നല്‍കിയാണ് ആഘോഷിച്ചത്. ചടങ്ങുകള്‍ക്ക് റൂവി, ഗാലാ നിസ്വവ യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കി.