മസ്കറ്റ്: രാജ്യത്തെ വ്യാപാര സ്ഥാപനങ്ങൾ ഡിസ്കൗണ്ടുകളും വിലക്കിഴിവുകളും പരസ്യപ്പെടുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളിൽനിന്ന് നിർബന്ധമായും ലൈസൻസ് നേടിയിരിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനുമായി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് 500 ഒമാനി റിയാൽ പിഴ ചുമത്തുമെന്നും ആവർത്തിച്ച് ലംഘിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
മന്ത്രാലയത്തിന്റെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് മന്ത്രാലയത്തിൽ നിന്ന് പ്രത്യേക ലൈസൻസ് കരസ്ഥമാക്കുകയും അത് കടകളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ വില, കിഴിവ് നൽകിയ ശേഷമുള്ള വില, കിഴിവ് ശതമാനം എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ലൈസൻസിൽ അനുവദിച്ചിട്ടുള്ള നിശ്ചിത സമയപരിധിക്കുള്ളിൽ മാത്രമേ കിഴിവുകൾ നൽകാൻ പാടുള്ളൂ. ഭക്ഷ്യവസ്തുക്കൾ, വാഹനങ്ങൾ, സ്വർണം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കൊഴികെ മറ്റ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ നൽകുമ്പോൾ കുറഞ്ഞത് 20 ശതമാനമെങ്കിലും വിലക്കിഴിവ് ഉണ്ടായിരിക്കണം.
ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് വില വർദ്ധിപ്പിക്കുന്നതിനോ അല്ലെങ്കിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ തെറ്റിദ്ധരിപ്പിക്കുന്ന വിലവിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനോ അനുവാദമില്ല. ഓഫർ കാലയളവ് അവസാനിച്ചതിന് ശേഷവും കുറഞ്ഞത് 30 ദിവസത്തേക്ക് ഉൽപ്പന്നങ്ങൾ ഉപയോഗയോഗ്യമായിരിക്കണം.
അതേസമയം, പുകയില ഉൽപ്പന്നങ്ങൾക്കും അവയുടെ അനുബന്ധ വസ്തുക്കൾക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള യാതൊരുവിധ ഡിസ്കൗണ്ടുകളും നൽകാൻ പാടില്ലെന്ന് മന്ത്രാലയം എടുത്തുപറഞ്ഞു. നിയമലംഘനങ്ങൾക്ക് ഭരണപരമായ പിഴകളും ആവർത്തിച്ചാൽ ഇരട്ടി തുകയും ഈടാക്കുന്നതിനൊപ്പം മറ്റ് നിയമനടപടികളും നേരിടേണ്ടി വരുമെന്നും പ്രാദേശിക വിപണിയുടെ സുതാര്യത ഉറപ്പാക്കാൻ വ്യാപാരികൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Published: 28 Oct 2026, 05:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented