മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫൗണ്ടേഷന്‍ സ്റ്റേജ് അധ്യാപകര്‍ക്കായി 'ജോയിന്‍ ദി ഡോട്‌സ് ഓഫ് ഫൗണ്ടേഷന്‍ ലേണിങ്' എന്ന പേരില്‍ മൂന്നു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍സ് ഒമാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. ബാല്‍വതിക മുതല്‍ ഗ്രേഡ് സെക്കന്‍ഡ് വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തതായിരുന്നു പരിശീലന പരിപാടി. 

To advertise here,

മേയ് 10 ന് ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ്, 11 ന് ഇന്ത്യന്‍ സ്‌കൂള്‍ സലാല, 12 ന് ഇന്ത്യന്‍ സ്‌കൂള്‍ മുലദ എന്നിവിടങ്ങളിലാണ് പരിശീലന പരിപാടി നടന്നത്. എഴുത്തുകാരിയും, വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റും, ടെഡ്എക്‌സ് സ്പീക്കറും, സി.ബി.എസ്.ഇ റിസോഴ്സ് പേഴ്സണുമായ സോണിയ റെലിയ ആണ് ക്ലാസ് നയിച്ചത്. 

മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അഹമ്മദ് സല്‍മാന്‍ നിര്‍വഹിച്ചു. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടുന്ന പഠനാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ അധ്യാപകരെ ശാക്തീകരിക്കുന്നതാണ് പരിശീലന പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. ഒമാനിലെ 22 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 389 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.