മസ്‌കറ്റ്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വരുത്തിയ അന്യായമായ വർധന പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതികൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മുതിർന്ന പ്രവാസികൾക്കും കൂടുതൽ ആശ്വാസം നൽകുന്നതായിരിക്കണം. എന്നാൽ, പ്രീമിയം നിരക്കുകളിലെ കുത്തനെയുള്ള വർധന സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കൈരളി ഒമാൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ചികിത്സാച്ചെലവുകൾ കുറയ്ക്കുകയും സാധാരണ വരുമാനക്കാരായ പ്രവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നത് ഇത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമാണ്. മുൻ ഇടതുപക്ഷ സർക്കാർ ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് നോർക്ക കെയർ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. വിദേശരാജ്യങ്ങളിൽ വർഷങ്ങളോളം അധ്വാനിച്ച് കുടുംബത്തിന്റെയും നാടിന്റെയും പുരോഗതിക്കായി സംഭാവന നൽകിയ പ്രവാസികൾക്ക് വാർധക്യത്തിലും ചികിത്സാ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നിലവിലെ യുഡിഎഫ് സർക്കാർ ഈ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

To advertise here,

നോർക്ക കെയർ പദ്ധതിയെ വിശ്വസിച്ച് സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച് അംഗങ്ങളായ പ്രവാസികൾക്ക് നിലവിലെ നിരക്ക് വർധന ഇരട്ടപ്രഹരമായി മാറുകയാണ്. ഉയർന്ന പ്രീമിയം താങ്ങാനാകാതെ വരുമ്പോൾ പഴയ ഇൻഷുറൻസ് പരിരക്ഷയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാൻ കഴിയുമോ എന്ന ആശങ്കയും ഇവരെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ പിന്തുണയുള്ള ഒരു ക്ഷേമപദ്ധതിയിൽ വിശ്വാസമർപ്പിച്ചവരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യം ഒഴിവാക്കണം.

ചികിത്സാ പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയരുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്താക്കുന്ന സാഹചര്യത്തിലേക്ക് നയിക്കരുത്. പ്രവാസിക്ഷേമ പദ്ധതികളുടെ വിജയത്തെ വിലയിരുത്തേണ്ടത് അവയുടെ സാമ്പത്തിക കണക്കുകൾ മാത്രം അടിസ്ഥാനമാക്കിയല്ല; ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആശ്വാസവും സുരക്ഷയും കൂടി പരിഗണിച്ചായിരിക്കണം.

ഈ സാഹചര്യത്തിൽ, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിച്ച് അന്യായമായ വർധന പിൻവലിക്കുക, നിലവിലുള്ള അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാൻ അവസരമൊരുക്കുക, മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാനാവുന്ന നിരക്കുകൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ കൈരളി ഒമാൻ മുന്നോട്ടുവയ്ക്കുന്നു. പ്രവാസികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും വിട്ടുവീഴ്ച ചെയ്യാവുന്ന വിഷയങ്ങളല്ല. പ്രവാസികളെ സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങൾ പുനഃപരിശോധിച്ച്, എല്ലാവർക്കും പ്രാപ്യമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കൈരളി ഒമാൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.