മസ്‌കറ്റ്: സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ, മറ്റ് ടെലികമ്മ്യൂണിക്കേഷൻ-വിവരസാങ്കേതിക ഉപകരണങ്ങൾ എന്നിവയുടെ ചാർജറുകളുടെയും ബാറ്ററികളുടെയും വിൽപ്പന നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് നിയമങ്ങളിൽ ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (TRA) പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നു. കരട് വ്യവസ്ഥകൾ പരിശോധിക്കാനും പ്രാദേശിക വിപണി, ഇറക്കുമതിക്കാർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാനും അതോറിറ്റി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും താത്പര്യമുള്ള വ്യക്തികൾക്കും ക്ഷണം നൽകി.
ചാർജറുകളും ബാറ്ററികളുമായി ബന്ധപ്പെട്ട സാങ്കേതികവും പ്രായോഗികവുമായ അപകടസാധ്യതകൾ പഠിക്കുകയും പ്രാദേശിക വിപണി സാഹചര്യങ്ങൾ വിലയിരുത്തുകയും പ്രമുഖ നിർമ്മാതാക്കളുമായി കൂടിയാലോചനകൾ നടത്തുകയും ചെയ്തശേഷമാണ് കരട് മാനദണ്ഡങ്ങൾ തയ്യാറാക്കിയതെന്ന് ടി.ആർ.എ വ്യക്തമാക്കി. ഉൽപ്പന്ന സുരക്ഷ, ഗുണനിലവാരം, സാങ്കേതിക അനുയോജ്യത, വിനിമയ ഉപകരണങ്ങളുമായുള്ള പൊരുത്തപ്പെടൽ, ഒമാനിലെ വിൽപ്പന-വിതരണ വ്യവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകൾ നിർദ്ദിഷ്ട നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു.
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വിപണിയിലെ വിതരണം, മത്സരക്ഷമത, സാമ്പത്തിക പ്രവർത്തനങ്ങൾ, ഉൽപ്പന്ന ലഭ്യത എന്നിവയെ എങ്ങനെ ബാധിക്കുമെന്നും ഈ കൂടിയാലോചനയിലൂടെ വിലയിരുത്തും. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം വിപണിയിലെ ചലനാത്മകതയും മത്സരവും നവീകരണവും സംരക്ഷിക്കുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. താത്പര്യമുള്ളവർക്ക് അതോറിറ്റിയുടെ ഔദ്യോഗിക പബ്ലിക് കൺസൾട്ടേഷൻ ചാനലുകൾ വഴി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം.

To advertise here,