മസ്കറ്റ്: ഒമാനിലെ പ്രമുഖ ഫുട്ബോൾ ടീമായ നേതാജി എഫ്.സി. എല്ലാ വർഷവും നടത്തിവരാറുള്ള നേതാജി കപ്പിന്റെ ആറാമത് സീസൺ ഒക്ടോബർ 30 വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതൽ മൊബേലയിലെ അസാദി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള 16 ടീമുകൾ ഈ സീസണിൽ ആദ്യമായി മാറ്റുരയ്ക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ ടൂർണമെന്റിനുണ്ട്. ആകെയുള്ള 16 ടീമുകൾ നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായി റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ മത്സരിച്ച ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. തുടർന്ന് സെമിഫൈനൽ, ലൂസേഴ്സ് ഫൈനൽ, ഫൈനൽ എന്നിവ നടക്കും.

ഇതിനുപുറമേ കുട്ടികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും ഉണ്ടായിരിക്കും. ടൂർണമെന്റ് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും ലഭിക്കുന്നതിനുപുറമേ മികച്ച ഫോർവേഡ്, ഡിഫെൻഡർ, ഗോൾകീപ്പർ, മാനേജർ എന്നിവർക്കും പുരസ്കാരങ്ങൾ ലഭിക്കും. ടൂർണമെന്റിന്റെ ഗ്രൂപ്പ് നിർണയ നറുക്കെടുപ്പും ട്രോഫി ലോഞ്ചിങ്ങും കഴിഞ്ഞ ദിവസം നടന്നു.

പുതിയ സീസണിൽ ആദ്യമായി 16 കെ.എം.എഫ്.എ. രജിസ്റ്റർ ചെയ്ത ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാണികൾക്ക് മികച്ച ഫുട്ബോൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനുപുറമേ വൈവിധ്യമാർന്ന ഫുഡ് കോർട്ട്, ഫാമിലി എന്റർടൈൻമെന്റുകൾ എന്നിവ ചേർന്ന് തികച്ചും വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്ന് ഭാരവാഹികളായ വരുൺ, അസ്സീം, മുഹ്‌യുദ്ധീൻ, ഷാഫി ബേപ്പൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.