മസ്‌കറ്റ് : നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഒമാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. രാജ്യ തലസ്ഥാനത്തെ ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റിലാണ് ഇഒമാനിലെ ഏക പരീക്ഷാ കേന്ദ്രം. ഒമാനില്‍ നിന്ന് 350 ഓളം വിദ്യാര്‍ഥികള്‍ ഇത്തവണ പരീക്ഷ എഴുതും. മെയ് നാല് ഞായറാഴ്ച നടക്കുന്ന പരീക്ഷയുടെ ഫലം ജൂണ്‍ 14 ന് പ്രസിദ്ധീകരിക്കും. പരീക്ഷാസമയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെന്‍ ആന്റ് പേപ്പര്‍ മോഡിലാണ് പരീക്ഷ നടക്കുന്നത്. വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകളും നേരത്തെ തന്നെ ലഭിച്ചു.

To advertise here,

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി കരുതേണ്ടതാണ്. പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ കൂടാതെ ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന മറ്റേതെങ്കിലും ഔദ്യോഗിക രേഖകളുടെ ഒറിജിനല്‍ ഉണ്ടെങ്കില്‍ അതും തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാ സെന്ററിന്റെ അകത്തേക്ക് അനുവദിക്കുന്നതല്ല.

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷ എഴുതുകയും ഉയര്‍ന്ന റാങ്കുകള്‍ നേടുകയും ചെയ്യുന്ന രാജ്യമാണ് ഒമാന്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മസ്‌കറ്റില്‍ പരീക്ഷാ കേന്ദ്രം നിലനില്‍ക്കുന്നുണ്ട്. സലാല പോലെയുള്ള ദൂര പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മസ്‌കറ്റിലെത്തി പരീക്ഷ എഴുതുന്നത് ശ്രമകരമാണെങ്കിലും രാജ്യത്തിനുള്ളില്‍ തന്നെ പരീക്ഷ കേന്ദ്രം ഉള്ളത് ആശ്വാസം നല്‍കുന്നതാണ്. പരീക്ഷാ ദിനം അടുത്തതോടെ മുഴുവന്‍ സമയ മുന്നൊരുക്കങ്ങളിലാണ് വിദ്യാര്‍ഥികള്‍.