മസ്കറ്റ്: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പാറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റലിൽ ഒരു വാർഡിന്റെ പേര് സുൽത്താൻ ഖാബൂസ് വാർഡ് എന്നാണ്. അഞ്ചു പതിറ്റാണ്ട് കാലം ഒമാനിൽ പ്രവാസിയായിരുന്ന ജമാൽ ഇടക്കുന്നം ഒമാൻ മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനോടുള്ള ബഹുമാനാർത്ഥമാണ് തന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് ഹോസ്പിറ്റലിലെ ഒരു വാർഡിന് സുൽത്താൻ ഖാബൂസിന്റെ പേര് നൽകിയത്.
ഒമാനിലെ മുസന്നയിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനും വ്യവസായിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസ ലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. മുലദ്ദയിൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിനായി പ്രയത്നിച്ചവരിൽ പ്രധാനിയായ അദ്ദേഹം മുലദ്ദ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.
ദീർഘകാലം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായിരുന്നു. പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും പൊതുസമ്മതനായ അദ്ദേഹം, പലവിധ ബിസിനസ് പ്രവർത്തനങ്ങൾക്കിടയിലും സാമൂഹിക -പൊതുപ്രവർത്തനരംഗത്തും സജീവമായിരുന്നു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം വലിയവീട്ടിൽ കെ.പി. ജമാലുദ്ദീൻ എന്ന ജമാൽ ഇടക്കുന്നം 82-ാമത്തെ വയസിലാണ് വിട വാങ്ങിയത്. മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള സൗജന്യ ഡയാലിസിസ് യൂണിറ്റ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ള
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പാറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മസ്കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നിരവധി ആളുകളാണ് ഇതിനോടകം ഈ ഡയാലിസിസ് കേന്ദ്രത്തിന്റെ സൗജന്യ സഹായം നേടിയിട്ടുള്ളത്. കോട്ടയം ജില്ലാ മസ്കറ്റ് കെഎംസിസി യുടെ ഈ ആശയത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം അതിനായി തന്റെ ആശുപത്രിയിൽ സൗകര്യം ഒരുക്കി നൽകുകയായിരുന്നു.
നിലവിൽ നാല് ഡയാലിസിസ് മിഷീൻ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. സുമനസ്സുകളുടെ സഹായത്തോടെ കൂടുതൽ ഡയാലിസിസ് മിഷീനുകൾ എത്തിക്കുവാനും കെഎംസിസിക്ക് പദ്ധതിയുള്ളതായി ഭാരവാഹികളായ ഷമീർ പാറയിൽ, ഷാ റസാഖ് എരുമേലി, നൈസാം ഹനീഫ്, ഫൈസൽ മുഹമ്മദ് വൈക്കം, മുഹമ്മദ് കാബൂസ്, അജ്മൽ കബീർ എന്നിവർ പറഞ്ഞു.
മാസങ്ങൾക്കു മുമ്പാണ് ജമാൽ ഇടക്കുന്നം ഒമാനിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. സൈനബയാണ് ഭാര്യ. ജലീൽ ജമാൽ, റസൽ ജമാൽ, ഫൈസൽ ജമാൽ എന്നിവരാണ് മക്കൾ. മൃതദേഹം ഇടക്കുന്നം കുരീപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
Content Highlights: jamal-edakkunnam-nri-philanthropist-passes-away
Published: 21 Oct 2026, 10:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented