മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണ പദ്ധതികളുമായി തൊഴില്‍ മന്ത്രാലയം. പദ്ധതിയുടെ ഭാഗമായി ഒമാനികള്‍ക്ക് ചെയ്യാന്‍ പറ്റിയ പുതിയ തൊഴിലുകള്‍ തൊഴില്‍ മാര്‍ക്കറ്റില്‍ സൃഷ്ടിക്കും. പുതിയ ഉത്തരവ് നടപ്പാക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയും സ്വീകരിക്കും. തൊഴില്‍ മന്ത്രാലയവും സ്വകാര്യ മേഖല കമ്പനികളും മറ്റ് ബന്ധപ്പെട്ട അധികൃതരും സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.

To advertise here,

ഒമാനിലെ തൊഴില്‍ മന്ത്രാലയമാണ് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചത്. തൊഴില്‍ മേഖല ക്രമീകരിക്കാനും സ്വദേശികള്‍ക്ക് അനുയോജ്യമായ ജോലികളില്‍ പ്രവേശിക്കാനും പുതിയ നീക്കം സഹായിക്കുമെന്നും മന്ത്രാലയം പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ച അളവില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കൊടുക്കാത്ത സ്വകാര്യ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളും അധികൃതരും ഒരു ഇടപാടുകളും നടത്തില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ആവശ്യമായ തൊഴില്‍ നിലവാരം ഉണ്ടെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അളവില്‍ സ്വദേശികള്‍ക്ക് തൊഴില്‍ കൊടുത്തെന്നും കാണിക്കുന്ന ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റും സ്ഥാപനങ്ങള്‍ കരസ്ഥമാക്കിയിരിക്കണം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഒരു സ്വദേശി പൗരനെങ്കിലും അനുയോജ്യമായ ജോലി നല്‍കണം. സ്വദേശിവത്കരണ ശതമാനം വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജിനും മന്ത്രാലയം അംഗീകാരം നല്‍കി. പുതിയ 30 ലധികം തൊഴിലുകളില്‍ സ്വദേശികള്‍ അല്ലാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ല. എന്നാല്‍, ഈ തസ്തികകള്‍ ഏതൊക്കെയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശിവത്കരണ നിരക്ക് വര്‍ധിപ്പിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ പുനരാലോചിക്കാനും തീരുമാനമുണ്ട്. സ്വദേശിവത്കരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസുകള്‍ ഇരട്ടിപ്പിക്കുകയും ചെയ്യും. തൊഴില്‍ മാര്‍ക്കറ്റിലെ പുതിയ നിയമങ്ങള്‍ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം അധികൃതര്‍ പരിേശാധനകളും നടത്തും. ഇപ്പോള്‍ പുറത്തിറക്കിയ പുതിയ തീരുമാനങ്ങള്‍ അടുത്ത സെപ്റ്റംബര്‍ മുതല്‍ നടപ്പില്‍ വരുമെന്നും ബന്ധപ്പെട്ടവരെല്ലാം സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.