അബുദാബി : സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞ സ്ഥാപനങ്ങൾ പൗരൻമാരോട് നാഫീസ് പദ്ധതിക്ക് കീഴിലും തൊഴിൽ കരാറിലുമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്വദേശിവത്കരണത്തിന്റെ പേരിൽ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്നാണ് മുന്നറിയിപ്പ്. വേതന സംബന്ധമായ നിയമലംഘനങ്ങൾ, വഞ്ചന തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ അടുത്തിടെ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സഹപ്രവർത്തകരേക്കാൾ കുറഞ്ഞ വേതനം പൗരന് നൽകുക, അല്ലെങ്കിൽ നാഫീസിൽനിന്ന് പ്രയോജനം നേടുന്നതിന്റെ പേരിൽ പൗരന്റെ വേതനം കുറക്കുക തുടങ്ങി വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സ്വദേശിവത്കരണം നടപ്പാക്കാൻ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കടുത്ത നടപടിയെടുക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

To advertise here,

സ്വദേശിവത്കരണം നടത്താതെ അവകാശവാദം ഉന്നയിക്കുക, നാഫീസ് പദ്ധതിക്ക് കീഴിലുള്ള പ്രത്യേക അവകാശങ്ങൾ നേടാൻ തെറ്റായ വിവരങ്ങൾ നൽകുക, നാഫീസിന് കീഴിലുള്ള കമ്പനി വർക്ക് പെർമിറ്റും മറ്റ് ആനുകൂല്യങ്ങളും നേടിയതിനുശേഷം ഔദ്യോഗികമായി സ്വദേശിവത്കരണം നടത്താതിരിക്കൽ, സ്വദേശിവത്കരണത്തിന്റെ ഭാഗമായി ജോലി ലഭിച്ചയാൾ അതവസാനിപ്പിക്കുകയും ഇക്കാര്യം നാഫീസിൽ അറിയിക്കാതിരിക്കുകയും ചെയ്യുക എന്നിവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയിൽപ്പെടും.

സ്വദേശിവത്കരണത്തിന്റെ പേരിൽ പരസ്യങ്ങൾ നൽകുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. മന്ത്രാലയത്തിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ പരസ്യം നൽകുന്നവർ സർക്കാരിന്റെ സ്വദേശിവത്കരണ നയങ്ങളോ ആനുകൂല്യങ്ങളോ പരാമർശിക്കാൻ പാടില്ല. പരസ്യത്തിൽ പൗരൻമാരുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പ്രദർശിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പിൽ വിശദീകരിച്ചു.