ലണ്ടൻ: ജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി വേറിട്ടൊരു പദ്ധതിയുമായി യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS). ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയോ നടക്കുകയോ ചെയ്യുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും നൽകുന്ന പുതിയ കാമ്പെയ്ൻ എൻ.എച്ച്.എസ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. അടുത്ത വർഷം തുടക്കത്തോടെ രാജ്യവ്യാപകമായി ഈ പദ്ധതി പ്രാബല്യത്തിൽ വരും.

To advertise here,

'മാരത്തൺ എ മന്ത്' (Marathon a Month) എന്ന് പേരിട്ടിരിക്കുന്ന ഈ ചലഞ്ചിൽ പങ്കെടുക്കുന്നവർ ദിവസവും ശരാശരി 30 മിനിറ്റ് വീതം നടക്കണം. ഇങ്ങനെ ഒരു മാസം നടക്കുമ്പോൾ ഏകദേശം 26 മൈൽ ദൂരം പൂർത്തിയാകും. ഇത് ഒരു മാരത്തൺ ഓട്ടത്തിന്റെ ദൂരത്തിന് തുല്യമാണ്.

പങ്കെടുക്കുന്നവർക്ക് തങ്ങൾ നടന്ന ദൂരം ഫോൺ ആപ്പുകൾ വഴിയോ സ്മാർട്ട് വാച്ചുകൾ വഴിയോ ഓൺലൈനായി രേഖപ്പെടുത്താം. ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വൗച്ചറുകൾ, വിവിധ ഡിസ്‌കൗണ്ടുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സമ്മാനമായി ലഭിക്കും.

ഈ സമ്മാനങ്ങൾക്കായി എൻ.എച്ച്.എസ് നേരിട്ട് പണം മുടക്കില്ല, മറിച്ച് വൻകിട കോർപ്പറേറ്റ് കമ്പനികളുടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഫണ്ടുകളും പ്രയോജനപ്പെടുത്തിയായിരിക്കും സമ്മാനങ്ങൾ വിതരണം ചെയ്യുക.

ഒളിമ്പിക് മെഡൽ ജേതാവും പ്രശസ്തമായ 'ഗ്രേറ്റ് നോർത്ത് റണ്ണിന്റെ' സ്ഥാപകനുമായ സർ ബ്രെൻഡൻ ഫോസ്റ്ററുമായി ചേർന്നാണ് എൻ.എച്ച്.എസ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. യുവാക്കൾക്കിടയിൽ ഇന്ന് വ്യാപകമായ 'സ്ട്രീക്ക്' (ദിവസവും മുടങ്ങാതെ ഒരേ കാര്യം ആവർത്തിക്കുന്ന ശീലം) സംസ്‌കാരം ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് അദ്ദേഹം കരുതുന്നത്.

ഒരു വ്യക്തി ആഴ്ചയിൽ 5 ദിവസം 30 മിനിറ്റ് വീതം നടന്നാൽ, അയാളുടെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് 4 വർഷം കൂടി അധികമായി കൂട്ടിച്ചേർക്കാൻ സാധിക്കുമെന്ന് സർ ബ്രെൻഡൻ ഫോസ്റ്റർ പറഞ്ഞു.

സ്‌പോർട്‌സ് ഇംഗ്ലണ്ട് നടത്തിയ സർവേ പ്രകാരം യുകെയിലെ മുതിർന്ന ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും (ഏകദേശം 1.2 കോടി ആളുകൾ) ആഴ്ചയിൽ 30 മിനിറ്റ് പോലും കൃത്യമായി വ്യായാമം ചെയ്യാത്തവരാണ്. രാജ്യത്തുണ്ടാകുന്ന മരണങ്ങളിൽ ആറിൽ ഒന്നിന് കാരണം ശാരീരിക അധ്വാനമില്ലായ്മയാണെന്ന് എൻ.എച്ച്.എസ് കണക്കുകൾ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിലാണ് 10 വർഷത്തെ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കായികവിനോദങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ രംഗത്തു വരുന്നത്. ജനങ്ങളെ നടത്തത്തിലേക്ക് ആകർഷിക്കാൻ ലളിതമായ ഈ സമ്മാന പദ്ധതി വലിയ രീതിയിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ പൂർണ്ണമായ വിവരങ്ങളും രജിസ്‌ട്രേഷൻ രീതികളും വരുംമാസങ്ങളിൽ എൻ.എച്ച്.എസ് പുറത്തുവിടും.

 

വാർത്ത അയച്ചത് : സജി പുലിക്കാട്ടിൽ