ആലപ്പുഴ: തൊഴിലുറപ്പുപദ്ധതിക്കുപിന്നാലെ ദേശീയ ആരോഗ്യദൗത്യത്തിലും (എൻ.എച്ച്.എം.) വലിയ മാറ്റംവരുത്താൻ കേന്ദ്രസർക്കാർ നീക്കം. കരാർ ജീവനക്കാരുടെ എണ്ണംകുറച്ചും സ്ഥിരംജീവനക്കാരുടെ ശമ്പളബാധ്യത സംസ്ഥാനങ്ങളെ ഏൽപ്പിച്ചുമാണ് ഉടച്ചുവാർക്കൽ.
കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയും എൻ.എച്ച്.എം. മിഷൻ ഡയറക്ടറുമായ ആരാധന പട്നായിക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ഈ സൂചനയുള്ളത്. നിർദേശം നടപ്പായാൽ ആരോഗ്യമേഖലയ്ക്കായി സംസ്ഥാനം കൂടുതൽ തുക ബജറ്റിൽ നീക്കിവെക്കേണ്ടിവരും.
എൻ.എച്ച്.എം. വഴിയുള്ള കേന്ദ്രഫണ്ടിന്റെ പകുതിയിലധികവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാനാണു വിനിയോഗിക്കുന്നത്. ഇതുമൂലം ആരോഗ്യമേഖലയിലെ പദ്ധതികൾക്കു പണമില്ലാത്ത സ്ഥിതിയാണ്. ഭരണപരമായ ചെലവുചുരുക്കലിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാക്കാനാകൂവെന്നാണ് കേന്ദ്രനിലപാട്
ചെലവുചുരുക്കലിന് ഒട്ടേറെ നിർദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവെച്ചിട്ടുള്ളത്. ജീവനക്കാരുടെ ഘടന പുനഃക്രമീകരിക്കും. പുതിയ നിയമനം ഉണ്ടാകില്ല. സമാന സ്വഭാവത്തിലുള്ള തസ്തികകൾ ലയിപ്പിക്കും. കഴിവും വിദ്യാഭ്യാസ യോഗ്യതയും അടിസ്ഥാനമാക്കി നിലവിലുള്ളവരെ പുനർവിന്യസിക്കും. വിലയിരുത്തലിൽ കഴിവില്ലാത്തവർ പുറത്താകുമെന്ന സൂചനയും കേന്ദ്രം നൽകുന്നു.
സ്ഥിരംനിയമനം പ്രോത്സാഹിപ്പിക്കാനുള്ള നിർദേശവുമുണ്ട്. സാമ്പത്തികബാധ്യത കൂടുതലായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ഏൽപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. നിലവിൽ ജില്ലാ പ്രോഗ്രാം മാനേജർ (ഡി.പി.എം.) ഉൾപ്പെടെയുള്ള ഉന്നത തസ്തികകളിൽ മാത്രമാണ് സ്ഥിരനിയമനം. ഡി.പി.എമ്മിന്റെ ശമ്പളം നിലവിൽ എൻ.എച്ച്.എമ്മിൽനിന്നാണ്. ഇവർക്കുള്ള ശമ്പളവും ഭാവിയിൽ സംസ്ഥാനം കണ്ടെത്തണം.
കേരളത്തിനു കനത്ത തിരിച്ചടിയാകും
5,416 ആരോഗ്യ ഉപകേന്ദ്രങ്ങളടക്കം 6,770 ആരോഗ്യസ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവിടങ്ങളിലെല്ലാംകൂടി പതിനയ്യായിരത്തിലേറെ എൻ.എച്ച്.എം. ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. ഡോക്ടർ, നഴ്സ്, പി.ആർ.ഒ., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്.പി.), ഫിസിയോ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, കൗൺസലർമാർ എന്നിവരുൾപ്പെടെയാണിത്. 28,000 ആശമാരുമുണ്ട്. താത്കാലികക്കാരുടെ എണ്ണം കുറച്ചാൽ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് വൻതിരിച്ചടിയാകും. നിലവിൽ ഡോക്ടർമാരുൾപ്പെടെയുള്ള സ്ഥിരം തസ്തികകളിൽ ആളില്ലാതെ വരുമ്പോൾ എൻ.എച്ച്.എമ്മിൽനിന്നു താത്കാലികമായി നിയമിക്കുകയാണു പതിവ്.
Content Highlights: Central government plans significant changes to National Health Mission (NHM), impacting contract staff and increasing state financial burden. Find out how it affects Kerala.
Published: 21 Dec 2025, 06:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented