വിയന്ന: 166 രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രണ്‍ സ്ഥാനം ശശി തരൂര്‍ എം.പി ഏറ്റെടുത്തതായി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി 2016-ല്‍ രൂപീകൃതമായ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. ഓഖി-പ്രളയ ദുരന്ത കാലഘട്ടങ്ങളിലും കോവിഡ് മഹാമാരിയുടെ സമയത്തും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഉക്രൈന്‍ യുദ്ധമുഖത്ത് ഇന്ത്യക്കാരുടെ സഹായത്തിനെത്തുകയും കേരളത്തിലെ നിരവധി നിര്‍ധനര്‍ക്ക് വീടുകള്‍ വച്ച് നല്‍കുകയും ചെയ്തിട്ടുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ ചീഫ് പാട്രണ്‍ കൂടിയാണ് ശശി തരൂര്‍. 

To advertise here,

വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിയന്നയിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് സന്ദര്‍ശനവേളയില്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.പ്രിന്‍സ് പള്ളിക്കുന്നേലുമായും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സിറോഷ് ജോര്‍ജുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ശശി തരൂര്‍ സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

ഇന്ത്യക്കാരായ പ്രവാസികളോട് പുലര്‍ത്തുന്ന അര്‍പ്പണ മനോഭാവമാണ് ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കാന്‍ ശശി തരൂരിനോട് ആവശ്യപ്പെടാന്‍ വേള്‍ഡ് മലയാളി ഫെഡറേഷനെ പ്രേരിപ്പിച്ചത് എന്ന് ഡോ.പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.