ബ്രിസ്ബെൻ: ജോയ് കെ.മാത്യുവിന്റെ ആന്തോളജി ചിത്രമായ ‘ടുമോറോ’യിലെ ആറ് കഥകളിൽ നാലാമത്തെ ചിത്രമായ ‘സ്റ്റോറീസ് ഓൺ ദി ക്യാൻവാസി’ന്റെ ചിത്രീകരണം പൂർത്തിയായി. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാകുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥ പറയുന്ന ‘ടുമോറോ’യിൽ ബഹുഭാഷാ നടീനടന്മാരാണ് അഭിനേതാക്കളായി എത്തുന്നത്.
ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന ടുമോറോ, അൺബ്രേക്കബിൾ, വാലറ്റ്, സ്റ്റോറീസ് ഓൺ ദി ക്യാൻവാസ് എന്നിങ്ങനെ 4 വ്യത്യസ്ത കഥകളുടെ ചിത്രീകരണമാണ് പൂർത്തിയായത്.
'ടുമോറോ' എന്ന 6 കഥകളടങ്ങിയ ആന്തോളജി ചിത്രത്തിലൂടെ ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവും പ്രേക്ഷകർക്ക് കൈമാറാനാണ് ജോയ് കെ.മാത്യു ലക്ഷ്യമിടുന്നത്. ജോയ് കെ.മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ടുമോറോ'ചലച്ചിത്ര പ്രേക്ഷകർക്ക് ഒരു സാംസ്‌കാരിക ദൃശ്യ വിരുന്നാകും സമ്മാനിക്കുക. 'ടുമോറോ'യിലെ അവശേഷിക്കുന്ന രണ്ട് കഥകളുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്നും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം 2026 ഡിസംബറിൽ 'ടുമോറോ' റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷൻ കോഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു.
ജോയ് കെ.മാത്യുവിന്റെ ഇരുപത്തി ഒന്നാമത്തെ പ്രൊജക്റ്റാണ് സ്റ്റോറീസ് ഓൺ ദി ക്യാൻവാസ്. 1992 ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത 'നൊമ്പരവീണ'യിൽ നായക കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് ജോയ് കെ.മാത്യു ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് വിവിധ ചാനലുകൾക്കും ചലച്ചിത്രോത്സവങ്ങൾക്കുമായി നിർമ്മിച്ച അഭയം, സഹനം,ദാനം, മരണാനന്തരം, കാണാക്കാഴ്ചകൾ, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പർശം കൊതിക്കുന്ന വേരുകൾ, ഡിപ്പെൻഡൻസ്, ടുമോറോ, അൺബ്രേക്കബിൾ, വാലറ്റ്, ഗോസ്റ്റ്പാരഡെയ്സ്, സ്റ്റോറീസ് ഓൺ ദി ക്യാൻവാസ് എന്നീ 15 ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും രചനയും സംവിധാനം നിർവഹിക്കുകയും ചെയ്തു.
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, ഒട്ടേറെ ബഹുഭാഷ നടീനടന്മാർ അഭിനയിക്കുന്ന 'പൗച്ച് ഓഫ് ലൈഫ് 'എന്ന ഡോക്യുഫിക്ഷനിലും ജോയ് കെ. മാത്യു ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സേവ്യർ ഓഫ് ട്രീസ്, പുനർജ്ജനി തേടുന്ന പാർവ്വതി പുത്തനാർ, മദർ തെരേസയുമായുള്ള നിമിഷങ്ങൾ കോർത്തിണക്കിയ 'ദി എയ്ഞ്ചൽ ഓഫ് ടെണ്ടർനെസ്സ്', സല്യൂട്ട് ദി നേഷൻസ് എന്നീ ഡോക്യുമെന്ററികൾ ജോയ് കെ. മാത്യു എഴുതുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Four segments of Joy K. Mathew`s anthology film `Tomorrow` are complete
Published: 07 Jan 2026, 03:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented