മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം മൂലം നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ വിജയത്തില്‍ ലണ്ടന്‍ ബ്രിഡ്ജില്‍ ആഘോഷമൊരുക്കി ഐഒസി യൂത്ത് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തകര്‍.

To advertise here,

ചാണ്ടി ഉമ്മന്റെ ചിത്രവും കൈകളിലേന്തി ലണ്ടന്‍ ബ്രിഡ്ജില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍, കേക്ക് മുറിച്ചും, മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് വിജയം ആഘോഷിച്ചത്.

ഐഒസി യൂത്ത് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് എഫ്രേം സാം, അജി ജോര്‍ജ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഐഒസി യൂത്ത് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഭാരവാഹികളായ ബിബിന്‍ ബോബച്ചന്‍, സ്റ്റീഫന്‍ റോയ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ടിജോ, സ്‌നേഹ, ഇമ്മാനുവേല്‍, അനൂപ് ജോര്‍ജ്, കൊച്ചു കോശി, തോമസ് ജോര്‍ജ് എന്നിവര്‍ ആഘോഷ പരിപാടികളില്‍ സജീവ പങ്കാളികളായി.

ഉമ്മന്‍ ചാണ്ടിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ പടച്ചുണ്ടാക്കിയ സോളാര്‍ കേസിന്റെ സത്യാവസ്ഥ മറ നീക്കി പുറത്തു കൊണ്ടുവരണമെന്നും, അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിലൂടെ കണ്ടെത്തി മുഖം നോക്കാതെ നടപടി എടുക്കണമെന്നുമുള്ള പൊതു വികാരം പ്രവര്‍ത്തകര്‍ പങ്കുവെച്ചു. 

അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മന്‍ ചാണ്ടി നല്‍കിയ സ്‌നേഹവും കരുതലും, അദ്ദേഹം നടപ്പാക്കിയ വികസന പദ്ധതികളും പുതുപ്പള്ളിക്കാരുടെ വികാരമാണ്. ചാണ്ടി ഉമ്മന്‍ എന്ന സ്ഥാനാര്‍ഥിയുടെ മികവുറ്റ വ്യക്തിത്വവും, പാരമ്പര്യവും, ഉന്നത വിദ്യാഭ്യാസയോഗ്യതകളും സ്ഥാനാര്‍ഥികളില്‍ മേല്‍ക്കൈ നേടിയിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും, കൊള്ളയും, വിലക്കയറ്റവും സജീവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ വന്‍വിജയം പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു ജനങ്ങള്‍ ബാലറ്റിലൂടെ നല്‍കിയ കനത്ത തിരിച്ചടിയാണെന്നും ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിച്ചവര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ